ജംബൂസർ(ഗുജറാത്ത്)- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് രാഹുലിന്റെ വിമർശനം. നിങ്ങളുടെ ഫോണിൽ ഒരു ബട്ടണമർത്തിയാൽ ഒരു ചൈനീസ് യുവാവിന് ജോലി ലഭിക്കുന്ന പദ്ധതിയാണ് മോഡി നടപ്പാക്കിയത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
കള്ളപ്പണം രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് മോഡി അധികാരത്തിലെത്തിയിട്ട് വർഷം മൂന്നായി. ഇതേവരെ ഒരു കള്ളപ്പണക്കാരനെയെങ്കിലും അഴിക്കുള്ളിലാക്കാൻ പറ്റിയിട്ടുണ്ടോ. നിങ്ങൾ തടവിലാക്കിയ ഒരു കള്ളപ്പണക്കാരന്റെ പേര് പറയൂ-രാഹുൽ വെല്ലുവിളിച്ചു. സ്വിസ് ബാങ്കിൽ എക്കൗണ്ടുള്ള കള്ളപ്പണക്കാരെ പറ്റി മോഡി എപ്പോഴും സംസാരിക്കുന്നു. മോഡിയുടെ കാലത്ത് രാജ്യം വിട്ട വിജയ്മല്യ ലണ്ടനിൽ വിലസുന്നു. കള്ളപ്പണക്കാരുടെ കാര്യത്തിൽ മോഡി എന്താണ് ചെയ്തത്.
ആശുപത്രിയിൽ പോയാൽ കയ്യിൽ കാശില്ലെങ്കിൽ നിങ്ങൾ പുറത്തേക്ക് വലിച്ചെറിയപ്പെടും. ഇതാണ് ഗുജറാത്ത് മോഡൽ വികസനം. പണമില്ലെങ്കിൽ ചികിത്സ ലഭിക്കാത്ത സഹചര്യമാണ്. മോഡിയുടെ അടുപ്പക്കാരാണ് ഗുജറാത്തിലെ മുഴുവൻ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത്. കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്ന കർഷകരുടെ ആവശ്യം മോഡി അംഗീകരിക്കുന്നില്ല. ടാറ്റ നാനോക്ക് നൽകിയ പണമുണ്ടെങ്കിൽ രാജ്യത്തെ മുഴുവൻ കാർഷിക കടവും എഴുതിത്തള്ളാമായിരുന്നു.
രാജ്യം ബിസിനസ് സൗഹൃദപട്ടികയിൽ നൂറാമതെത്തി എന്ന ലോക ബാങ്ക് റിപ്പോർട്ടിനെയും രാഹുൽ വിമർശിച്ചു. ഈസ് ഓഫ് ഡൂയിംഗ് പട്ടികയിൽ മുപ്പത് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ നൂറിലെത്തിയിരുന്നു. രാജ്യത്തെ പാവങ്ങളല്ല ഈ വിലയിരുത്തൽ നടത്തിയത് എന്ന് മോഡിയുടെ അടുപ്പക്കാരായ ബിസിനസുകാരാണെന്നും രാഹുൽ വിമർശിച്ചു. നോട്ടുനിരോധനം വൻ തിരിച്ചടിയാണെന്ന കണക്കുകൾ റിസർവ് ബാങ്ക് തന്നെ പുറത്തുവിട്ട സഹചര്യത്തിൽ ഇത്തരം വ്യാജനിർമ്മിതികൾ കൊണ്ട് രക്ഷപ്പെടാനാകില്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ചെറുകിട വ്യവസായികളോട് ചോദിക്കൂ. രാജ്യം ബിസിനസ് സൗഹൃദമാണോ എന്ന കാര്യം അവർ പറഞ്ഞുതരും.