ന്യുദല്‍ഹി- പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ ഇന്ന് രാജ്യത്തുടനീളം 25 കോടിയോളം തൊഴിലാളികള്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ്. ഗതാഗത, ബാങ്കിങ് രംഗത്തെ ട്രേഡ് യൂണിയനുകളും ബന്ദില്‍ പങ്കെടക്കുന്നതിനാല്‍ യാത്രാ, ബാങ്കിങ് സേവനങ്ങളേയും പണിമുടക്ക് ബാധിച്ചേക്കും. അവശ്യസേവന നിയമ (എസ്മ) പ്രകാരം യുപി സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കി ആറു മാസത്തേക്ക് വിലക്കിയിട്ടുണ്ട്.
ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ പ്രമുഖ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് സമരം. ബിജെപി ട്രേഡ് യൂണിയനായ ബിഎംഎസ് സമരത്തെ പിന്തുണയ്ക്കുന്നില്ല.
ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും 7,500 രൂപ പണമായി മാസം നല്‍കുക, ആവശ്യക്കാരായ എല്ലാ വ്യക്തികള്‍ക്കും പ്രതിമാസം 10 കിലോ അരി സൗജന്യ റേഷന്‍ നല്‍കുക, ദേശീയ തൊഴിലുറപ്പു പദ്ധതി വിപുലീകരിച്ച് ഗ്രാമീണ മേഖലകളില്‍ വര്‍ഷം 200 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുക, വേതനവും ഉയര്‍ത്തുക, തൊഴിലുറപ്പു പദ്ധതി നഗരമേഖലകളിലേക്കും വ്യാപിപ്പിക്കുക, കര്‍ഷക വിരുദ്ധമായ എല്ലാ നിയമങ്ങളും പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കുക, ദേശീയ പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കി എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന മുന്‍സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സരമം.