Sorry, you need to enable JavaScript to visit this website.

മന്ത്രി കെ.ടി ജലീലിന്റെ പി.എച്ച്.ഡി  ചട്ടപ്രകാരം തന്നെയെന്ന് സർവകാലശാല

തിരുവനന്തപുരം- മന്ത്രി കെ.ടി. ജലീലിന്റെ പി.എച്ച്.ഡി ചട്ടപ്രകാരം തന്നെയെന്ന് കേരള സർവകലാശാല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജലീലിന് പി.എച്ച്.ഡി ബിരുദം നൽകിയതെന്നും കേരള സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു. ഗവേഷണ പ്രബന്ധം മൗലികമല്ലെന്നും പിഴവുകളുണ്ടെന്നുമുള്ള പരാതി തള്ളിയ വൈസ് ചാൻസലർ ഗവർണർക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറി. ജലീൽ തയാറാക്കിയ പ്രബന്ധം ചട്ട പ്രകാരമാണെന്നും ഇതിൽ പിഴവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജലീലിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ഗവേഷണ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സേവ് യൂനിവേഴ്‌സിറ്റി സമിതി ഗവർണർക്ക് പരാതി നൽകിയത്. പ്രബന്ധത്തിലെ പല ഭാഗങ്ങളും പകർത്തിയെഴുത്താണെന്നും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധം പുനഃപരിശോധിക്കണമെന്നുമായിരുന്നു ആവശ്യം.  


ആർ.എസ്. ശശികുമാർ, ഷാജിർഖാൻ തുടങ്ങിയവരുൾപ്പെട്ട സേവ് യൂനിവേഴ്‌സിറ്റി സമിതിയാണ് ഗവർണർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ഗവർണർ കേരള സർവകലാശാല വി.സിയെ ചുമതലപ്പെടുത്തുകയായിരുന്നു. വിശദമായ പരിശോധനക്ക് ശേഷമാണ് വി.സി റിപ്പോർട്ട് നൽകിയത്. 2006 ലാണ് ജലീലിന് ഡോക്ടറേറ്റ് കിട്ടിയത്. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്‌ലിയാരുടേയും പങ്കിനെ കുറിച്ചായിരുന്നു ഗവേഷണ പ്രബന്ധം. വി.സി  ആരോപണങ്ങൾ തള്ളിയെങ്കിലും പിന്നോട്ടില്ലെന്നാണ് സേവ് യൂനിവേഴ്‌സിറ്റി സമിതിയുടെ നിലപാട്. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകാനാണ് സമിതിയുടെ തീരുമാനം. പ്രബന്ധം ഇതുവരെ സർവകലാശാലയുടെ സൈറ്റിൽ പ്രസിദ്ധപ്പെടുത്താത്തത് സംശയകരമാണെന്ന് സമിതി കുറ്റപ്പെടുത്തുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരായ പരാതി അന്വേഷിച്ചത് മന്ത്രിയുടെ കീഴിലുള്ള ഒരു സർവകലാശാലയിലെ വി.സിയാണ്. അതുകൊണ്ട് തന്നെ ഈ അന്വേഷണം സുതാര്യമല്ലെന്നാണ് പരാതിക്കാരുടെ ആരോപണം.


 

Latest News