തിരുവനന്തപുരം- പോപ്പുലർ ഫ്രണ്ടിനെ പ്രതിരോധത്തിലാക്കി ഇന്ത്യാ ടുഡേയുടെ ഒളിക്യാമറ ഓപ്പറേഷൻ. മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്തുനിന്ന് ഹവാലപണം സ്വീകരിക്കാറുണ്ടെന്നുമാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറക്ക് മുന്നിൽ സമ്മതിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ അഹമ്മദ് ശരീഫ് എന്നിവരിൽനിന്നാണ് ഇന്ത്യാടുഡേ വിവരങ്ങൾ ശേഖരിച്ചത്.
മലപ്പുറത്തെ വീട്ടിൽനിന്നാണ് ഇന്ത്യാ ടുഡേ സൈനബയുമായി സംസാരിച്ചത്. സൈനബയുടെ ഭർത്താവ് അലിയും ഈ സമയത്ത് കൂടെയുണ്ടായിരുന്നു.
പത്തുവർഷത്തിനിടെ 5000 ത്തോളം പേരെ പേരെ ഇസ്്‌ലാമിലേക്ക് മാറ്റിയിട്ടുണ്ടെന്നും സൈനബ പറയുന്നു. ഹിന്ദു, ക്രിസ്ത്യൻ മതത്തിൽനിന്നുള്ളവരെയെല്ലാം ഇങ്ങിനെ മാറ്റിയിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ള ഒരു ടീച്ചർ ഞങ്ങൾക്കൊപ്പമുണ്ടെന്നും അവർ നാലു വർഷം മുമ്പ് മതംമാറിയതാണെന്നും സൈനബയുടെ ഭർത്താവ് അലി പറയുന്നുണ്ട്. നേരത്തെ ശുഭ എന്നായിരുന്നു അവരുടെ പേര്. ഇപ്പോൾ ഫാത്തിമ എന്നാണ്.
ഇന്ത്യയും പിന്നീട് ലോകം മുഴുവനും ഇസ്ലാമിക രാജ്യമാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അഹമ്മദ് ശരീഫ് പറയുന്നത്. പോപ്പുലർഫ്രണ്ടിന് വിദേശത്തുനിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും ഹവാല വഴിയാണ് അത് ഇന്ത്യയിലേക്ക് അയക്കുന്നതെന്നും വീഡിയോയിലുണ്ട്. അഹമ്മദ് ശരീഫ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
അതേസമയം, സത്യസരണി പോലെയുള്ളവയെ ചാരിറ്റബിൾ സ്ഥാപനങ്ങളെന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നോ ആണ് വിളിക്കാറുള്ളതെന്നും മതപരിവർത്തന കേന്ദ്രം എന്ന് വിളിക്കാറില്ലെന്നും സൈനബ പറയുന്നു.
മതം മാറുന്നവർ അവിടെ തന്നെ താമസിക്കുകയും മതം മാറുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന് അതേയെന്നാണ് മറുപടി. അവർ അക്കാര്യം പുറത്തുപറയില്ലേ എന്ന് ചോദിക്കുമ്പോൾ അതിന് സാധ്യത കുറവാണെന്നും മതം മാറിയ ശേഷമായിരിക്കുമല്ലോ അവർ പുറത്തുപോവുകയെന്നുമാണ് സൈനബയുടെ മറുപടി. സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം സർക്കാറിൽ രജിസ്റ്റർ ചെയ്താണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങുന്നത്. പതിനഞ്ചോ പതിനാറോ പേരെ ഉൾപ്പെടുത്തി ഒരു ട്രസ്റ്റ് ഉണ്ടാക്കിയ ശേഷം സെന്ററിന് പറ്റിയ സ്ഥലം കണ്ടെത്തുകയും അവിടെ പള്ളി, ഭക്ഷണതാമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കും. ഇത്തരം സ്ഥാപനങ്ങളിൽ പിന്നീട് ഇസ്‌ലാമിനെക്കുറിച്ചും മറ്റും പഠിപ്പിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് സൈനബ പറയുന്നു. മതം മാറുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ മറ്റു കേന്ദ്രങ്ങളെയാണ് ഇവർ സമീപിക്കുന്നത്. സർക്കാർ അനുമതിയോടെ മതം മാറ്റാൻ അനുവാദമുള്ള പൊന്നാനിയിലെ മഊനത്തുൽ ഇസ്‌ലാം, കോഴിക്കോട്ടെ തർബിയ്യത്തുൽ ഇസ്‌ലാം എന്നീ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളാണ് നൽകാറുള്ളതെന്നും സൈനബ പറയുന്നു.സത്യസരണിയിൽ നിന്ന് മതം മാറിയെന്ന സർട്ടിഫിക്കറ്റ് നൽകിയാൽ ഇതൊരു മതം മാറ്റ കേന്ദ്രമാണെന്ന് മറ്റുള്ളവർ അറിയില്ലേ എന്ന ചോദ്യത്തിനാണ് സൈനബ ഇങ്ങനെ മറുപടി പറയുന്നത്.
പോപ്പുലർ ഫ്രണ്ടിനും സത്യസരണിക്കുമെല്ലാം സാമ്പത്തിക സഹായം ഹവാല ഇടപാട് വഴിയാണ് ലഭിക്കുന്നതെന്ന് അഹമ്മദ് ശരീഫ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഇന്ത്യയെ ഇസ്്‌ലാമിക രാജ്യമാക്കിയ ശേഷം മറ്റു രാജ്യങ്ങളിൽ കൂടി ഇസ്്‌ലാമികവത്കരിക്കുകയാണ് ലക്ഷ്യമെന്നാണ് അഹമ്മദ് ശരീഫ് പറയുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നും പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഹവാല വഴി പണം കൊണ്ടുവന്നിരുന്നുവെന്നും അഹമ്മദ് ശരീഫ് സമ്മതിക്കുന്നു.പത്തുലക്ഷം രൂപയാണ് കൊണ്ടുവന്നതെന്നും ഇത് സാധ്യമാണെന്നും ഷരീഫ് പറയുന്നു. ഇത് സ്ഥിരമായി ചെയ്യാറുള്ളതാണെന്നും പോപ്പുലർ ഫ്രണ്ടിനും സത്യസരണിക്കുമെല്ലാം ഇങ്ങിനെ പണം വരാറുണ്ടെന്നുമാണ് അഹമ്മദ് ഷരീഫ് സമ്മതിക്കുന്നത്.
ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്ന ശേഷം, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് അടക്കമുള്ളവർ രംഗത്തെത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഇതേ ആവശ്യം ഉന്നയിച്ചു.
ആരോപണം നിഷേധിച്ച് അഹമ്മദ് ശരീഫ്
ഒളിക്യാമറ ഓപ്പറേഷനിലെ കാര്യങ്ങൾ നിഷേധിച്ച് അഹമ്മദ് ശരീഫ് രംഗത്തെത്തി.
പ്രസ്താവനയുടെ പൂർണരൂപം:
ഇന്ത്യാ ടുഡെയിൽനിന്ന് എന്ന് അവകാശപെട്ടുകൊണ്ട് ഒരാളും എന്നെ കണ്ടിട്ടില്ല. എന്റെ ഒരു ദൽഹി ജേണലിസ്റ്റ് സുഹൃത്ത് ഒന്നര മാസം മുമ്പ് കണ്ടിരുന്നു. ഒരു ചായ കുടിച്ചു കുറേ നേരം ഒരു ഹോട്ടലിൽ ഇരുന്ന് നാട്ടിലെ പല കാര്യങ്ങളും സംസാരിക്കുകയുണ്ടായി. അതിൽ അറബിക്കല്യാണം . മുത്തലാഖ്,സ്ത്രീ വിദ്യാഭ്യാസം,പർദ്ദ,കള്ളപണം,ഹവാല തുടങി പലതും വന്നിരുന്നു. ഇതിൽ ഹവാല ഇന്ത്യയിലെങ്ങും വരുന്നതുപോലെ കേരളത്തിലും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പ്രവാസികൾ വീട്ടിലേക്ക് പണം അയക്കുന്നതിനെക്കുറിച്ച് രണ്ടു വഴിയിലൂടെയും എന്നും പറഞ്ഞിരുന്നു. ഞാൻ എത്ര വീട്ടിലേക്ക് അയച്ചു എന്നതിന 10വർഷതിനിടെ 10ഉണ്ടാവും എന്നും പറയുകയുണ്ടായി. ആഗോള ഇസ്്‌ലാമിക നവോത്ഥാനം എന്നത് എല്ലാ മുസ്്‌ലിംകളും ലോകാടിസ്ഥാനത്തിൽ ഒരു കടമയായി കാണുന്നതാണന്നും സംസാരത്തിൽ വരികയുണ്ടായി. എന്നാൽ ഇത് പരിചയക്കാരനായ ഒരു പത്രസുഹൃത്ത് രഹസ്യമായി റിക്കാർഡ് ചെയ്യുമെന്ന് കരുതിയിരുന്നില്ല ഇപ്പോൾ ഒരു ചാനലിലും ജോലി ചെയ്യുന്നില്ലെന്നും പറഞ്ഞതിനാൽ അയാളെ അവിശ്വസിച്ചില്ല. ഈ സംസാരങ്ങൾ എടുത്ത് പോപുലർ ഫ്രണ്ടിനെക്കുറിച്ച ചോദ്യങ്ങൾ ഫിറ്റ് ചെയ്ത് കെട്ടുകഥകൾ സൃഷ്ടിക്കുമെന്ന് കാണാതിരുന്നത് എന്റെ പിഴ. അല്ലെങ്കിൽ പോപുലർ ഫ്രണ്ടിന്റെ കാര്യം പറയാൻ ഞാൻ ആരാണ്? അതുമായി ബന്ധപ്പെട്ട പത്രസ്ഥാപനത്തിലെ ഒരു ജീവനക്കാരൻ മാത്രമായ എന്നെ ചാനൽ പി എഫിന്റെ സ്ഥാപകമെമ്പറാക്കിയിരിക്കുന്നു..
ഞാൻ പി എഫിന്റെ വക്താവല്ല.35വർഷക്കാലമായി മുഖ്യധാരാ പത്രരംഗത്ത് സജീവമായ എന്നെപ്പോലും ഇങ്ങനെ കുടുക്കാമെങ്കിൽ എന്താണ് സ്ഥിതി?ഞാൻ ഇന്നു വരെ പി എഫിനായി പണം ആരോടും പിരിച്ചിട്ടില്ല. ആർക്കും അയച്ചിട്ടുമില്ല. ഒരിക്കലൂം ഇസ്ലാാമിക് സ്‌റ്റേറ്റിനായി നാവോ പേനയൊ ചലിപ്പിച്ചിട്ടില്ല. ഇത്തരം കഠിനമായ ചെയ്തികൾക്കെതിരെ നിയമപരമായിത്തന്നെ നീങ്ങുമെന്നും അഹമ്മദ് ശരീഫ് പറഞ്ഞു.