Sorry, you need to enable JavaScript to visit this website.

ഇറ്റലിയിൽ ഇന്ത്യൻ വിദ്യാർത്ഥികള്‍ക്കെതിരെ വംശീയാക്രമണം

ന്യൂദൽഹി -ഇറ്റലിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ വംശീയ അതിക്രമങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കിടെ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് വിദ്യാർത്ഥികളാണ് വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയാക്കപ്പെട്ടത്. സംഭവം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വടക്കൻ ഇറ്റാലിയൻ നഗരമായ മിലാനിലാണ് വംശീയാധിക്ഷേപം നടന്നത്. ഒക്ടോബർ 17ന് ഒരു കൂട്ടം ഇറ്റലിക്കാരായ യുവാക്കൾ തന്റെ മുഖത്ത് ഇടിച്ചുവെന്നും തിരികെ നാട്ടിലേക്കു പോകണമെന്നാവശ്യപ്പെട്ടുവെന്നും വിദ്യാർത്ഥിനി ഒരു വാർത്താ ചനലിനോട് പറഞ്ഞു. ഒക്ടോബർ 29ന് ചില ഇറ്റലിക്കാർ ചേർന്ന പൊട്ടിയ ബിയർ കുപ്പി കയ്യിലെടുത്ത് കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും തലയ്ക്കടിക്കുകയും ചെയ്‌തെന്നാരോപിച്ച് മറ്റൊരു വിദ്യാർത്ഥിയും രംഗത്തെത്തി.

ഈ സംഭവങ്ങൾ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും വിഷയം ക്രമസമാധാന പാലന ചുമതലയുള്ള ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മിലാനിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും കോൺസുലേറ്റ് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ പരസ്പര ബന്ധം പുലർത്തണമെന്നും ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളിലേക്കു പോകുമ്പോൾ മുന്നറിയിപ്പു നൽകണമെന്നും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാഹചര്യങ്ങൾ താൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. ബ്രിട്ടനും നെതൽലാൻഡ്‌സും കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള രാജ്യമാണ് ഇറ്റലി. ഇവിടെ 1,80,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇറ്റാലിയൻ പ്രധാമന്ത്രി പൗലോ ജെന്റിലോനിയുടെ ദ്വിദിന ഇന്ത്യാ സന്ദർശന സമയത്താണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണ വാർത്തയും പുറത്തു വന്നത്. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും ഉഭയകക്ഷി ചർച്ചകൾക്കായി ജെന്റിലോനി ഇന്ത്യയിലുണ്ടായിരുന്നു.
 

Latest News