ഗുഡ്ഗാവ്- കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്് അഹ്മദ് പട്ടേല്‍ എംപി അന്തരിച്ചു. 71 വയസ്സായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യമെന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു. ഗുജറാത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ അഹ്മദ് പട്ടേല്‍ ദീര്‍ഘകാലം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു. ഗാന്ധി കുടുംബവുമായി ഏറ്റവും അടുപ്പമുള്ളയാളും പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളുമായിരുന്നു. ഒരു മാസം മുമ്പാണ് പട്ടേലിന് കോവിഡ് ബാധിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ആന്തരാവയവങ്ങള്‍ തകരാറിലാകുകയും ചെയ്തു.
പട്ടേലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ അനുശോചനമറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മകന്‍ ഫൈസലുമായി ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയും ചെയ്തു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം നിരവധി നേതാക്കള്‍ ദുഃഖമറിയിച്ചു.