പാലക്കാട്- ചർച്ചകൾ വഴിമുട്ടി, സി.പി.എമ്മും സി.പി.ഐയും പാലക്കാട് ജില്ലയിലെ നാൽപതിലധികം വാർഡുകളിൽ പരസ്പരം മൽസരിക്കും. മണ്ണാർക്കാട് നഗരസഭയുൾപ്പെടെ പത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മുന്നണിയിലെ പ്രധാന ഘടക കക്ഷികൾ പരസ്പരം പോരടിച്ച് വേർപിരിയുന്നത്. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം കഴിഞ്ഞിട്ടും ഈ കക്ഷികളുടെ നേതാക്കൾ തമ്മിൽ ആശയവിനിമയം തുടർന്നിരുന്നു. കുരുക്കഴിച്ചെടുക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മൽസരിക്കുന്ന മുന്നണി സ്ഥാനാർഥികളുടെ വിജയസാധ്യതയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് തർക്കം വളരുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പോര് നിലനിൽക്കുന്ന സ്ഥലങ്ങളുടെ സമീപത്തെ പഞ്ചായത്തുകളിലും അതിന്റെ അലയൊലികൾ ഉണ്ടാകുമെന്നത് ഉറപ്പാണ്.
മണ്ണൂർ, വല്ലപ്പുഴ, കുമരംപുത്തൂർ, കേരളശ്ശേരി, നെല്ലായ, കോട്ടോപ്പാടം, നല്ലേപ്പിള്ളി, എലപ്പുള്ളി, മങ്കര എന്നീ ഗ്രാമപഞ്ചായത്തുകളാണ് മണ്ണാർക്കാട് നഗരസഭക്ക് പുറമേ സി.പി.എം-സി.പി.ഐ പോര് നിലനിൽക്കുന്ന സ്ഥലങ്ങൾ. നഗരസഭയിലെ ആറ് വാർഡുകളിൽ തനിച്ച് മൽസരിക്കുന്ന സി.പി.ഐ മണ്ണൂരിൽ പന്ത്രണ്ടിടത്തും നെല്ലായയിൽ എട്ടിടത്തും വല്ലപ്പുഴ, കുമരംപുത്തൂർ എന്നിവിടങ്ങളിൽ ആറു വീതം വാർഡുകളിലും കോട്ടോപ്പാടത്ത് മൂന്നിടങ്ങളിലും സ്വന്തം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കേരളേശ്ശരി, എലപ്പുള്ളി, നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ ഓരോ വാർഡുകളിലാണ് സഖ്യകക്ഷികൾ തമ്മിലെ പോരാട്ടം. ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായ മണ്ണൂർ പഞ്ചായത്തിനോട് ചേർന്നുള്ള മങ്കര പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ ഭാഗമായി മൽസരിക്കുന്ന സി.പി.ഐ സ്ഥാനാർഥിക്കെതിരേ സി.പി.എം പ്രവർത്തകർ സ്വതന്ത്ര സ്ഥാനാർഥിയെ കളത്തിലിറക്കിയിട്ടുണ്ട്.
നേരത്തെ സി.പി.എമ്മിലെ വിഭാഗീയതയെത്തുടർന്ന് ആ പാർട്ടി വിട്ട് പ്രവർത്തകർ സി.പി.ഐയിൽ ചേക്കേറിയ സ്ഥലങ്ങളിലാണ് പ്രശ്നം പൊട്ടിത്തെറിയുടെ വക്കിലെത്തി നിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മണ്ണൂരും കുമരംപുത്തൂരിലുമെല്ലാം നേരത്തേ വി.എസ്.അച്യുതാനന്ദനൊപ്പം ഉറച്ചു നിന്നിരുന്നവരാണ് പാർട്ടിക്ക് പുറത്ത് പോയി സി.പി.ഐയിൽ ചേർന്നത്. ഇവിടങ്ങളിലെല്ലാം സഖ്യകക്ഷികളുടെ പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളി പതിവാണ്. മണ്ണൂരിലെ തർക്കം മങ്കരയിലേക്ക് പടർന്നതോടെ അവിടത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ സി.പി.ഐ നേതാവ് സ്ഥാനം രാജിവെക്കാൻ തയാറായിരിക്കുകയാണ്. തങ്ങൾക്ക് അനുവദിച്ച നാലാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കുന്ന നിലപാട് സി.പി.എം അവസാനിപ്പിച്ചില്ലെങ്കിൽ രാജിവെച്ച് ഒഴിയുമെന്നാണ് സി.പി.ഐ പറയുന്നത്. പ്രശ്നം പരിഹരിക്കാൻ ചർച്ച തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മുന്നണിയിലെ പോരാട്ടം ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ഉള്ള വോട്ടെടുപ്പിനേയും ബാധിക്കും. മുപ്പതംഗ ജില്ലാ പഞ്ചായത്തിൽ 21 ഇടത്ത് സി.പി.എമ്മും അഞ്ചിടത്ത് സി.പി.ഐയുമാണ് മൽസരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലും ഇരു പാർട്ടികളും യോജിച്ചാണ് മിക്കയിടത്തും നിൽക്കുന്നത്.