Sorry, you need to enable JavaScript to visit this website.

പാചകവാതക വില കുത്തനെ കൂട്ടി

ന്യൂദല്‍ഹി- പാചകവാതക വില കുത്തനെ കൂട്ടി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 94 രൂപയാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡി ഗ്യാസിന് 4.56 രൂപ കൂടി. എണ്ണക്കമ്പനികളുടെ പുതിയ തീരുമാനത്തോടെ 14 കിലോ സബ്‌സിഡി സിലിണ്ടറിന്റെ വില 495.69 ആയി. നേരത്തെ ഇത് 491.13 ആയിരുന്നു.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന്റെ വില 146 രൂപയാണ് കൂട്ടിയത്. പുതിയ വില 1268 രൂപ.
അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചക വാതകത്തിനുള്ള സബ്‌സിഡി എടുത്തുകളയാനിരിക്കെ ഓരോ മാസവും നാല് രൂപ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
രാജ്യത്താകെ വിലക്കയറ്റം രൂക്ഷമായിരിക്കെയാണ്  സാധാരണക്കാരെ കൂടുതല്‍ കഷ്ടത്തിലാക്കി പാചകവാതക വില കൂടിയത്.  ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 78 രൂപയും കഴിഞ്ഞ മാസം കൂട്ടിയിരുന്നു.
2016 ജൂണില്‍ സിലിണ്ടറിനു 419.18 രൂപയായിരുന്നു ദേശീയതലത്തില്‍ നിശ്ചയിച്ച വില. 2016 ജൂലൈമുതല്‍ സിലിണ്ടറൊന്നിന് 69.50 രൂപയുടെ വിലവര്‍ധനയുണ്ടായി. കഴിഞ്ഞമാസം 49 രൂപയും ഇപ്പോള്‍ ഒറ്റയടിക്ക് 94 രൂപയും കൂട്ടി. ഇക്കഴിഞ്ഞ മേയ് മാസത്തിനുശേഷം എല്‍.പി.ജി നിരക്കില്‍ വരുത്തുന്ന ആറാമത്തെ വര്‍ധനയാണിത്. 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളാണു ഒരു വര്‍ഷം സബ്‌സിഡി നിരക്കില്‍ ഒരു കുടുംബത്തിന് ലഭിക്കുന്നത്. രാജ്യത്തു 18.11 കോടി എല്‍.പി.ജി ഉപയോക്താക്കളാണുള്ളത്.
 

Latest News