ലഖ്‌നൗ- സ്ത്രീകളെ ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് മാറ്റാന്‍ മാത്രം ലക്ഷ്യമിട്ടുള്ള വിവാഹങ്ങള്‍ അസാധുവാക്കുന്ന പുതിയ നിയമം യുപിയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടു വരുന്നു. ഇതിനായുള്ള ഓര്‍ഡിന്‍സിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കി. സ്ത്രീകളുടെ മതപരിവര്‍ത്തനം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് തെളിഞ്ഞാല്‍ അത്തരം വിവാഹങ്ങളെ നിയമവിരുദ്ധവും അസാധുവുമാക്കുന്നതാണ് പുതിയ നിയമം. ഇതു ലംഘിക്കുന്നവര്‍ക്ക് ചുരുങ്ങിയത് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം തടവും 15,000 രൂപയില്‍ കുറയാത്ത പിഴയും ശിക്ഷ നല്‍കാനും ഓര്‍ഡിനന്‍സ് ശുപാര്‍ശ ചെയ്യുന്നു.
എസ് സി/ എസ് ടി സമുദായത്തില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും സ്ത്രീകളേയും മതം മാറ്റാന്‍ വേണ്ടി വിവാഹം ചെയ്താല്‍ മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ഈ നിയമം നിഷ്‌കര്‍ശിക്കുന്ന ശിക്ഷ. കൂട്ടമതപരിവര്‍ത്തനത്തിന് മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മതം മാറിയ ശേഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ (കലക്ടര്‍) നിന്ന് രണ്ടു മാസം മുമ്പ് അനുമതി വാങ്ങണമെന്ന് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അറിയിച്ചു.