കൊല്‍ക്കത്ത- ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചരണ പദ്ധതിയുടെ ഭാഗമായി ബംഗാള്‍ സന്ദശനത്തിനെത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ ആദിവാസി കുടുംബത്തിന്റെ വീട്ടില്‍ നിന്ന് കഴിച്ചത് പഞ്ചനക്ഷത്ര ഹോട്ടലില്‍ പാചകം ചെയ്ത് എത്തിച്ച ഭക്ഷണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. ആദിവാസി വീട്ടിലെ ഉച്ചഭക്ഷണം വെറും കാണിക്കല്‍ പ്രകടനം മാത്രമാണെന്നും മുഖ്യമന്ത്രി മമത പറഞ്ഞു. ഒരു ആദിവാസി വേട്ടക്കാരന്റെ പ്രതിമ കണ്ട് അത് സ്വതന്ത്രസമര പോരാളി ബിര്‍സ മുണ്ഡയുടെ പ്രതിമായണെന്ന് അമിത് ഷാ തെറ്റിദ്ധരിച്ചെന്നും മമത പറഞ്ഞു. തിങ്കളാഴ്ച ബങ്കുരയില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. ആഴ്ച മുമ്പാണ് അമിത് ഷാ ബങ്കുരയിലെ ഒരു ആദിവാസി വീട് സന്ദര്‍ശിച്ചത്. ഷായുടെ ഉച്ചഭക്ഷണത്തിനു മുന്നോടിയായി വീട്ടുകാര്‍ പച്ചക്കറിയരിയുന്ന ദൃശ്യം കാണിച്ചിരുന്നു. എന്നാല്‍ ഇതൊന്നുമല്ല ഷായുടെ ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ചതെന്നും മമത ആരോപിച്ചു.