വാഷിങ്ടന്‍- യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് നേതാവ് ജോ ബൈജന്റെ വിജയം ഒടുവില്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് സമ്മതിച്ചു. ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി എമിലി മര്‍ഫി വ്യക്തമാക്കിയതിനു പിന്നാലെയാണ് 'വേണ്ടതെല്ലാം ചെയ്യുക' എന്ന ട്രംപിന്റെ ട്വീറ്റ് വന്നത്. ട്രംപ് ആദ്യമായാണ് തെരഞ്ഞെടുപ്പു പരാജയം പരസ്യമായി അംഗീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വ്യാപക അട്ടിമറി നടന്നെന്നും താനാണ് ജയിച്ചതെന്നും ഒരു തെളിവുമില്ലാതെ മൂന്ന് ആഴ്ചകളായി ട്രംപ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ബൈഡന് അധികാരക്കൈമാറ്റത്തിനുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് എമിലി മര്‍ഫി വ്യക്തമാക്കി. സാധാരണ ഈ സഹായം തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നിയുക്ത പ്രസിഡന്റിന്റെ ടീമിന് നല്‍കേണ്ടതാണ്. എന്നാല്‍ ട്രംപ് തോല്‍വി സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇതു പിടിച്ചുവച്ചിരിക്കുകയായിരുന്നു. സമാധാനപരവും വേഗത്തിലുമുള്ള അധികാരക്കൈമാറ്റത്തിനുള്ള പിന്തുണയും സാമ്പത്തിക സഹായവും നല്‍കുമെന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ പണം നിലവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ പ്രാരംഭ ചെലവുകള്‍ക്കുമായി ബൈഡന് ഉപയോഗിക്കാം. തെരഞ്ഞെടുപ്പു ഫലം വന്നിട്ടും ഈ സാമ്പത്തിക സഹായം ബൈഡന് അനുവദിക്കാത്തതിനെ തുടര്‍ന്ന് എമിലി മര്‍ഫി വലിയ വിമര്‍ശനം നേരിട്ടിരുന്നു. സാധാരണ തെരഞ്ഞെടുപ്പു ഫലം വന്നാല്‍ പതിവു നടപടിയാണിത്. എന്നാല്‍ ഇത്തവണ ട്രംപ് തോല്‍വി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഇതു വൈകിയത്.