ഹോങ്കോങ്- കോവിഡ് ബാധിച്ച യാത്രക്കാരുമായി എത്തിയതിന്റെ പേരില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഹോങ്കോങ് വീണ്ടും വിലക്കേര്‍പ്പെടുത്തി. ഇത് അഞ്ചാം തവണയാണ് ഹോങ്കോങില്‍ എയര്‍ ഇന്ത്യ വിലക്ക് നേരിടുന്നത്. ഡിസംബര്‍ മൂന്നു വരെയാണ് വിലക്ക്. ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ വിമാനത്തില്‍ എത്തിയ ഏതാനും യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊറാണ വൈറസ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമെ ഇന്ത്യയില്‍ നിന്ന് ഹോങ്കോങിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. യാത്രയ്ക്കു മുമ്പായി 72 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത ഫലം ആയിരിക്കുകയും വേണം. ഹോങ്കോങില്‍ വന്നിറങ്ങിയാല്‍ അവിടെ വച്ചും കോവിഡ് പരിശോധന നടത്തും. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ദിവസങ്ങള്‍ക്കു മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിലെ ഏതാനും യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഞ്ചാം തവണയും വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് മുതല്‍ എല്ലാ മാസവും എയര്‍ ഇന്ത്യ രണ്ടാഴ്ചത്തേക്ക് വിലക്ക് നേരിട്ടു വരുന്നു.