ഛണ്ഡീഗഢ്- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷകര്‍ നടത്തിവരുന്ന ശക്തമായ സമരത്തിന്റെ ഭാഗമായി രണ്ടു മാസത്തോളമായി തുടരുന്ന ട്രെയ്ന്‍ ഉപരോധം അവസാനിക്കുന്നു. തിങ്കളാഴ്ച മുതല്‍ യാത്രാ, ചരക്കു ട്രെയ്‌നുകളുടെ സഞ്ചാരം തടയില്ലെന്ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. വ്യാപക ട്രെയ്ന്‍ തടയലിനെ തുടര്‍ന്ന് പഞ്ചാബില്‍ ട്രെയ്ന്‍ സര്‍വീസുകള്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ശനിയാഴ്ച മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി കര്‍ഷകര്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് നിലപാട് മയപ്പെടുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. പ്രതിഷേധം 15 ദിവസത്തേക്കു മാത്രമാണ് നിര്‍ത്തിവെക്കുന്നതെന്നും കര്‍ഷക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചയ് വന്നില്ലെങ്കില്‍ സമരം വീണ്ടും തുടരുമെന്നും കര്‍ഷകര്‍ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. നവംബര്‍ 26, 27 തീയതികളില്‍ നടക്കുന്ന 'ദല്‍ഹി പിടിച്ചടക്കല്‍' സമരവുമായി മുന്നോട്ടു പോകുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
യാത്രാ, ചരക്കു വണ്ടികള്‍ തടയരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന കര്‍ഷക നേതാക്കള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ പറഞ്ഞു. സമരക്കാര്‍ റെയില്‍വെ ട്രാക്കുകളില്‍ നിന്ന് ഒഴിഞ്ഞതായും ട്രെയ്ന്‍ സര്‍വീസ് തുടരാന്‍ വഴിയൊരുങ്ങിയതായും അറിയിച്ച് പഞ്ചാബ് സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രാലയം വക്താവ് പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ട്രെയ്ന്‍ സര്‍വീസുകള്‍ തടസ്സമില്ലാതെ തുടരുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നടത്തിവരികയാണെന്ന് റെയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറും പറഞ്ഞു.