തലശ്ശേരി- സി.പി.എം കോട്ട പിടിക്കാൻ ഇത്തവണ മത്സരത്തിന് ഒരുങ്ങുന്നത് യു.ഡി.എഫിൽനിന്നും ഒരു കുടുംബത്തിലെ മൂന്നു പേർ. വിജയം കനിഞ്ഞാൽ കളത്തിൽ വീട്ടിൽ നിന്നു മൂന്ന് കൗൺസിലർമാർ നഗരസഭയിൽ എത്തും. തലശ്ശേരി നഗരസഭയിലേക്ക് യു.ഡി.എഫിന് കടന്നു ചെല്ലാനുള്ള പാലമിടാൻ ഒരേ വീട്ടിൽ താമസിക്കുന്ന അമ്മയും മകനും മകളും സ്ഥാനാർത്ഥികളായി കൈകോർത്താണ് ജനവിധി തേടുന്നത്.
തലശ്ശേരി മുകുന്ദ് മല്ലർ റോഡിലെ കളത്തിൽ വീട്ടിലാണ് അപൂർവ നിയോഗം - മഹിളാ കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റും സാമൂഹ്യ പ്രവർത്തന രംഗത്ത് തലശ്ശേരിയുടെ വനിതാ മുഖവുമായ എ. ഷർമിളയാണ് അമ്മ. മോറക്കുന്ന് വാർഡിലാണ് ഇവർ ജനവിധി തേടുന്നത്. മകൻ അഡ്വ. എസ്.രാഹുൽ കെ.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയും യുവജന വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തലശ്ശേരി കോൺഗ്രസ് പാർട്ടിയിലെ നിറസാന്നിധ്യവുമാണ്. യുവ അഭിഭാഷകനായ രാഹുൽ കുട്ടിമാക്കൂൽ വാർഡിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയും രാഹുലിന്റെ സഹോദരി എസ്. ഹൈമ വാർഡ് നമ്പർ 16 ചിള്ളക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്. മഹിളാ കോൺഗ്രസ് അസംബ്ലി മണ്ഡലം സോഷ്യൽ മീഡിയാ കോഡിനേറ്ററാണ് ഹൈമ. കൈ ചിഹ്നത്തിൽ കൈകോർത്ത് വോട്ട് ചോദിക്കാൻ ലഭിച്ച അപൂർവതയുടെ ത്രില്ലിലാണ് അമ്മയും മക്കളും.