ലണ്ടന്‍- ബ്രിട്ടീഷ് സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ മന്ത്രി കസേരയില്‍ ഇരിപ്പു തുടങ്ങിയത് മുതല്‍ വകുപ്പിലെ ഉദ്യോഗസ്ഥ ലോബി അതൃപ്തരാണ്. ഹോം സെക്രട്ടറിക്കെതിരെ തൊട്ടതിനും പിടിച്ചതിനുമെല്ലാം പരാതികളാണ് ഉയര്‍ത്തിവിടുന്നത്. തങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തി ജോലി ചെയ്യിക്കുകയാണെന്നാണ് പരാതി. ഇതിന്റെ പേരില്‍ രാജികളും രാജി ഭീഷണിയും വന്നു. ഹോം സെക്രട്ടറി ഭീഷണിപ്പെടുത്തുന്നു എന്ന ഉദ്യോഗസ്ഥരുടെ ആരോപണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനത്തു നിന്ന് പ്രീതി പട്ടേലിനെ പുറത്താക്കില്ലെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രീതി പട്ടേലിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കാന്‍ ബോറിസ് തയാറായിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പ്രീതി പട്ടേല്‍ നിന്ദിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. മാര്‍ച്ചില്‍ ഉത്തരവിട്ട അന്വേഷണത്തിലെ റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ പ്രധാനമന്ത്രിയുടെ മേശപ്പുറത്തുണ്ടായിരുന്നുവെന്ന് മുന്‍ സിവില്‍ സര്‍വീസ് മേധാവി സര്‍ മാര്‍ക്ക് സെഡ്‌വില്‍ പറഞ്ഞതിനെ തുടര്‍ന്നാണിത്. പെരുമാറ്റത്തെക്കുറിച്ച് അടുത്ത ആഴ്ചകളില്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇത് ഉടന്‍ പുറത്തിറങ്ങുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രേഖാമൂലമുള്ള മുന്നറിയിപ്പ് നല്‍കുമെന്നും എന്നാല്‍ മന്ത്രിസഭാ സ്ഥാനം നഷ്ടപ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.