മൈസുരു-മാണ്ഡ്യ എംപിയും നടിയുമായ സുമലത അംബരീഷിനെ മോശം ഭാഷയില്‍ വിമര്‍ശിച്ച ബിജെപി യുവനേതാവിന് താക്കീത്. സുമലത ഒന്നിനും കൊള്ളാത്തവരാണെന്ന് പറഞ്ഞ മൈസൂരു എംപി പ്രതാപ് സിംഹയെയാണ് ദേശീയ നേതൃത്വം താക്കീത് ചെയ്തത്. സുമലതയ്‌ക്കെതിരെ ബിജെപിക്കകത്തുയരുന്ന എതിര്‍പ്പ് കൂടിയാണ് വാക്‌പോരിലൂടെ പുറത്തുവന്നത്. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് പ്രതാപ് സിംഹ സ്ത്രീകള്‍ക്കെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നതെന്നാണ് സുമലതയുടെ അഭിപ്രായം. എന്നാല്‍ സുമലതയുടെ റൗഡി പ്രയോഗം ഭര്‍ത്താവ് അംബരീഷിന്റെ സിനിമയിലെ വില്ലന്‍ വേഷം ആലോചിച്ചപ്പോള്‍ ഓര്‍മയില്‍ വന്നതായിരിക്കുമെന്ന് പ്രതാപ് സിംഹ തിരിച്ചടിച്ചതോടെ വിവാദം കൊഴുത്തു, ഇതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടത്. സുമലതയുമായി ഉടന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന നേതാക്കളും പ്രതാപ് സിംഹയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ജെഡിഎസ് കോട്ടയായിരുന്ന മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത തോല്‍പിച്ചത്. മാണ്ഡ്യയില്‍ സുമലത സ്വാധീനമുറപ്പിക്കുന്നതില്‍ പ്രാദേശിക ബിജെപി നേതാക്കള്‍ക്കുള്ള അമര്‍ഷമാണ് പ്രതാപ് സിംഹയിലൂടെ പുറത്തുവന്നത്.