അഹമ്മദാബാദ്- തെരഞ്ഞെടുപ്പ് ചൂടിലായ ഗുജറാത്തിൽ ആംആദ്മിക്ക് തിരിച്ചടി. ആം ആദ്മിയുടെ സംസ്ഥാന നേതാക്കൾ കോൺഗ്രസിൽ ചേർന്നു. നിരവധി സംസ്ഥാന നേതാക്കളും ഇരുന്നൂറോളം വരുന്ന പ്രവർത്തകരുമാണ് ആം ആദ്മി വിട്ട് കോൺഗ്രസിനൊപ്പം വന്നത്. വനിതാവിഭാഗത്തിന്റെ സംസ്ഥാന നേതാവ് വന്ദന പട്ടേലാണ് പാർട്ടി വിട്ടതിൽ പ്രമുഖ. ഇവർക്ക് പുറമെ, അഹമ്മദബാദ്, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് എന്നി ജി്ല്ലകളുടെ ചുമതലയുള്ള റിതുരാജ് മേത്ത, ഹസ്മുഖ് പട്ടേൽ, ലാലുഭായ് ലഡിവാല, അ്ങ്കൂർ ഡമേലിയ, തുഷാർ ജനി എന്നിവരാണ് രാജിവെച്ച മറ്റുള്ളവർ.
ഗുജറാത്തിൽ ആം ആദ്മി മത്സരിക്കുന്നത് കോൺഗ്രസിന്റെ വിജയസാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന ബോധ്യമുള്ളതുകൊണ്ടാണ് രാജിവെക്കുന്നത് നേതാക്കൾ അറിയിച്ചു. മുഖ്യശത്രുവായ ബി.ജെ.പിക്കെതിരെ മത്സരിക്കാതെ കോൺഗ്രസിനെ പരാജയപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് വന്ദന പട്ടേൽ വ്യക്തമാക്കി. ഏഴ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം ആം ആദ്മി പ്രഖ്യാപിച്ചിരുന്നു.