റിയാദ് - മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കമുള്ള ഭീകര സംഘടനകളെയും സംഘങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദേശം ലംഘിച്ച ഖതീബുമാരെ പിരിച്ചുവിടാന്‍ റിയാദ് പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ബ്രദര്‍ഹുഡിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത് ഒഴിവാക്കുന്നതിന് നിയമാനുസൃത കാരണങ്ങളും ന്യായീകരണങ്ങളുമില്ലാതെ കഴിഞ്ഞയാഴ്ച ഖുതുബയില്‍ നിന്ന് വിട്ടുനിന്ന ഖതീബുമാരെയും ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗത്തില്‍ ബ്രദര്‍ഹുഡ് അടക്കമുള്ള ഭീകര സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദേശം പാലിക്കാത്തവരെയും പിരിച്ചുവിടാനാണ് തീരുമാനം.
മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കം സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്ന സംഘടനകളെ കുറിച്ച് വിശ്വാസികള്‍ക്ക് മുറിയിപ്പ് നല്‍കാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗം നീക്കിവെക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും ഖതീബുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡ് ഭീകര സംഘമാണെന്ന് വിശേഷിപ്പിച്ച് ഉന്നത പണ്ഡിതസഭ പുറത്തിറക്കിയ പ്രസ്താവന മുഴുവനായും ഖുതുബക്കിടെ വായിക്കണമെന്നും ഖതീബുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ചില ഖതീബുമാര്‍ ഇത് പാലിച്ചില്ല. ബ്രദര്‍ഹുഡിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത് ഒഴിവാക്കുന്നതിന് മറ്റു ചിലര്‍ ഖുതുബക്ക് ഹാജരാകാതെ വിട്ടുനിന്ന് പകരക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരക്കാരെയാണ് ഇസ്‌ലാമികകാര്യ മന്ത്രാലയം പിരിച്ചുവിടുന്നത്.