റിയാദ്- ഇഖാമ, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രണ്ടര മാസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കെ.എം.സി.സി ഇടപെട്ട് നാട്ടിലെത്തിച്ചു.
അവയവങ്ങള്‍ ദാനം ചെയ്ത അലിഗഡ് സ്വദേശിയുടെ മൃതദേഹമാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം നാട്ടിലെത്തിക്കാന്‍ വൈകിയത്.
ഓഗസ്റ്റ് 27 ന് മരിച്ച ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശി സാജിദ് അലി (38) യുടെ മൃതദേഹമാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാനും, ഇന്ത്യന്‍ എമ്പസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം വളണ്ടിയറുമായ സിദ്ദീഖ് തുവ്വൂര്‍ ഇടപെട്ട് നാട്ടിലെത്തിച്ചത്.
റിയാദ് കിങ്ങ് സൗദ് ഹോസ്പിറ്റലില്‍ വെച്ച് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതിനാല്‍ അവയവദാനം നടത്തിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മരിച്ചയാളുടെ ബന്ധുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇഖാമ, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്നതിനാല്‍ ഫൈനല്‍ എക്‌സിറ്റ് നേടുന്നതിനുള്ള ശ്രമങ്ങള്‍ നീണ്ടു പോയി. മോര്‍ച്ചറി ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സിദ്ദീഖ് തുവ്വൂര്‍ ഇടപെട്ടത്.
പാസ്സ്‌പോര്‍ട്ട് വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്ന് രേഖകള്‍ ശരിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മരിച്ചയാളുടെ ഇഖാമ ഹുറൂബിലാണെങ്കില്‍ ഡിപോര്‍ട്ടേഷന്‍ സെന്റ്ററില്‍ നിന്നും ഹുറൂബില്ലാത്തതും കാലാവധി തീര്‍ന്നതുമായ ഇഖാമയാണെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും എക്‌സിറ്റ് വിസ ലഭിക്കും ഒറിജിനല്‍ പാസ്സ്‌പോര്‍ട്ട് / എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ,പോലീസ് സ്‌റ്റേഷനനില്‍ നിന്ന് ലഭിച്ച മൃതദേഹം നാട്ടിലേക്കയക്കാനുള്ള ലെറ്റര്‍ എന്നിവ ഹാജരാക്കുകയും ഇതിന്റെയെല്ലാം പാസ്‌പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കുകയും വേണം.
ബ്രെയിന്‍ ഡെത്ത് കേസുകളില്‍ സൗദി കൗണ്‍സില്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഇടപെട്ടാണ് അവയവ ദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. എംബാം ഫീസും, കാര്‍ഗോ ചെലവുകളും ആരോഗ്യ മന്ത്രാലയം വഹിക്കും. അവയവം ദാനം ചെയ്തിട്ടും മൃതദേഹം അനാധമായി കിടന്നുവെന്നും ഇത്തരം സംഭവങ്ങളില്‍ കാലതാമസം കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.