ന്യൂദല്‍ഹി- ബിഹാര്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ഈ സംസ്ഥാനങ്ങളിലെ പ്രചരണ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നതായി റിപോര്‍ട്ട്. നേരത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ കത്തെഴുതി വിവാദത്തിലായ 23 നേതാക്കളുടെ പേരുകള്‍ ബിഹാര്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനുള്ള നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്തു വന്നതോടെയാണ് പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ് വീണ്ടും പുറത്തു വന്നത്. സിബല്‍ ബിഹാറിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടാകുമായിരുന്നുവെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചിരുന്നു. ചൗധരിയുടെ ഈ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് സിബലുമായി അടുപ്പമുള്ള നേതാക്കള്‍ പറയുന്നു. കത്തെഴുതിയ വിവാദത്തിലായ 23 നേതാക്കളെ തെരഞ്ഞെടുപ്പു പ്രചരണ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയ കാര്യ ചൗധരിയോ മറ്റു നേതാക്കളോ അറിയാതെ പോയത്് ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതെ ഇവര്‍ക്ക് അവിടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് പോകാന്‍ കഴിയുമായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ശരിയായ പാര്‍ട്ടിയല്ല എന്ന കരുതുന്ന നേതാക്കള്‍ക്ക് മറ്റു പാര്‍ട്ടിയില്‍ ചേരുകയോ പുതിയ പാര്‍ട്ടിയുണ്ടാക്കുകയോ ചെയ്യാമെന്നും അധിര്‍ രജ്ഞന്‍ ചൗധരി സിബലിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തിയുണ്ടായിരുന്ന ബിഹാര്‍, ഗുജറാത്ത്്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും കോണ്‍ഗ്രസ് തകരുകയാണെന്ന് തിരിച്ചറിയണമെന്നുമായിരുന്നു ബിഹാര്‍ ഫലം വന്നയുടന്‍ സിബലിന്റെ പ്രതികരണം. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ തര്‍ക്കത്തിന് കാരണമായത്.