മുംബൈ- ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച കടുവ എന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ് വാക്കര്‍ എന്ന കടുവ. ഒമ്പതു മാസത്തിനിടെ രണ്ടു സംസ്ഥാനങ്ങളിലായി 3000 കിലോമീറ്ററോളം ദൂരമാണ് വാക്കല്‍ നടന്നു തീര്‍ത്തത്. ഈ ദീര്‍ഘദൂര സഞ്ചാരം മറ്റൊന്നിനുമായിരുന്നില്ല. ഒരു ഇണയെ കണ്ടെത്തി പ്രണയനിമിഷങ്ങള്‍ പങ്കിടാനും ഇണചേരാനും വേണ്ടിയായിരുന്നു. വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു വിട്ടതായിരുന്നു ഈ കടുവയെ. ഇതുപയോഗിച്ചാണ് വാക്കറുടെ സഞ്ചാരപഥം അയ്യായിരം ലൊക്കേഷനുകളിലായി ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിച്ചു കൊണ്ടിരുന്നത്. വാക്കര്‍ ഏറെയും നടന്നത് രാത്രികാലങ്ങളിലാണ്. പാടങ്ങളും പുഴകളും അരുവികളും, ഹൈവേകളും താണ്ടി ശൈത്യവും ഉഷ്ണവും വകവെക്കാതെ താമസം ഉറപ്പിക്കാന്‍ ഒരിടം കണ്ടെത്തുന്നതുവരെ നടന്നുകൊണ്ടിരുന്നു. യാത്രയിലുടനീളം കാട്ടുപന്നികളും കാലികളുമായിരുന്നു ഭക്ഷണം.
മൂന്നര വയസ്സാണ് വാക്കര്‍ എന്ന ഈ ആണ്‍കടുവയുടെ പ്രായം. മതിയായ ഇരയെ തേടിയോ ജീവിക്കാന്‍ ഒരു പ്രദേശം തേടിയോ അല്ലെങ്കില്‍ ഇണചേരാന്‍ വേണ്ടിയോ ആകാം ഈ ദീര്‍ഘയാത്രയെന്ന് വന്യജീവി വിദഗ്ധര്‍ പറയുന്നു. മഹാരാഷ്ട്രയിലെ ഒരു വന്യജീവി സങ്കേതത്തില്‍ നിന്ന് ജൂണില്‍ തുടങ്ങിയ യാത്ര ഏഴു ജില്ലകളും തെലങ്കാന സംസ്ഥാനവും പിന്നിട്ട് മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ തന്നെ ഗ്യാനഗംഗ വന്യജീവി സങ്കേതത്തില്‍ എത്തുകയും അവിടെ താമസം ഉറപ്പിക്കുകയും ചെയ്തത്. 205 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതത്തില്‍ പുള്ളിപ്പുലികളും കാട്ടുപോത്തുകളും, കാട്ടുപന്നികളും മാനുകളും എല്ലാമുണ്ട്. എന്നാല്‍ ഇവിടെയുള്ള ഒരേ ഒരു കടവു വാക്കര്‍ മാത്രമാണെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. ഇവിടെ വേണ്ടത്ര ഇരകളുണ്ട്, ആവാസ മേഖലയ്ക്കും പ്രശനമില്ല. എന്നാല്‍ വാക്കര്‍ ഏകാകിയാണ്.
ഇണചേരാന്‍ ഒരു പെണ്‍കടുവയെ വാക്കര്‍ക്ക് ഒപ്പിച്ചുകൊടുക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്. ഇത് എങ്ങനെ നടത്തിക്കൊടുക്കുമെന്നതാണ് അധികൃതരെ കുഴക്കുന്നത്. കാരണം ഇതെളുപ്പമുള്ള ജോലിയല്ല. ഇതൊരു വലിയ വന്യജീവി സങ്കേതമല്ല. നശീകരിക്കപ്പെട്ട വനമേഖലയും കൃഷിയിടങ്ങളുമാണ് ചുറ്റും. വാക്കര്‍ക്ക് ഇണയെ ലഭിച്ച് ഇവിടെ കൂട്ടുകുടുംബമായി കഴിയുക പ്രയാസമാണ്. കാരണം വേണ്ടത്ര ഇരയെ കണ്ടെത്തേണ്ടി വരും. കുട്ടികള്‍ വേര്‍പിരിഞ്ഞു പോകാനും സാധ്യതയേറെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥാനായ നിതിന്‍ കകോദ്കര്‍ പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ആവാസ പരിധിക്കുള്ളില്‍ 500 മൃഗങ്ങളെങ്കിലും ജീവിക്കുന്നുണ്ടെങ്കിലെ ഒരു കടുവയ്ക്ക് അതിന്റെ പ്രദേശത്ത് വേണ്ടത്ര ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകൂ എന്ന് വിദഗ്ധര്‍ പറയുന്നു.