ന്യൂയോര്‍ക്ക്- കോവിഡ് രോഗമുക്തി നേടിയവരില്‍ വലിയൊരു ശതമാനം പേരും വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന രോഗപ്രതിരോധ ശേഷി കൈവരിച്ചതായി പഠനം. എട്ടു മാസം മുമ്പ് രോഗം ബാധിച്ചവരുടെ ശരീരത്തില്‍ ഇപ്പോഴും മതിയായ അളവില്‍ പ്രതിരോധ കോശങ്ങള്‍ സജീവമായുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ചുരുങ്ങിയ സമയത്തിനുള്ളിലും പ്രതിരോധ കോശങ്ങളുടെ കുറഞ്ഞുവരുന്ന തോത് മന്ദഗതിയിലണ്. ഇത് സൂചിപ്പിക്കുന്നത് പ്രതിരോധ ശരീരത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നാണെന്നും പഠനം സൂചിപ്പിക്കുന്നു. ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുകയോ ശാസ്ത്രജ്ഞരുടെ അധിക പരിശോധന നടത്തുകയോ ചെയ്തിട്ടില്ലാത്ത ഈ പഠനം ഓണ്‍ലൈനായാണ് പ്രസിദ്ധീകരിച്ചത്. അതേസമയം കോവിഡിനെ കുറിച്ച് ഇതു വരെ നടന്നതില്‍ ഏറ്റവും സമഗ്രവും ദീര്‍ഘകാലം നീണ്ടതുമായി ഒരേ ഒരു പഠനം ഇതു മാത്രമാണ്. ശരീരത്തില്‍ പ്രതിരോധ കോശങ്ങള്‍ നിലനില്‍ക്കുന്നത് വലിയൊരു ശതമാനം ആളുകളേയും രോഗബാധയില്‍ നിന്നും കടുത്ത രോഗാവസ്ഥയില്‍ നിന്നും വര്‍ഷങ്ങളോളം സംരക്ഷിക്കുമെന്ന് ഈ പഠനത്തില്‍ പങ്കെടുത്ത വൈറോളജിസ്റ്റും ലാ ഹോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യുണോളജിയില്‍ ശാസ്ത്രജ്ഞനുമായ ഷെയ്ന്‍ ക്രോറ്റി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട് ചെയ്യുന്നു.
കോവിഡ് വൈറസിനെതിരെ നേടുന്ന പ്രതിരോധ ശേഷി കുറഞ്ഞ കാലത്തേക്കു മാത്രമെ നിലനില്‍ക്കൂവെന്ന ആശങ്ക ഗവേഷകര്‍ക്കിടിയിലുണ്ട്. ഇങ്ങനെ വന്നാല്‍ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ തുടര്‍ച്ചയായ വാക്‌സിനേഷന്‍ ആവശ്യമായി വരും. ഈ ആശങ്ക അകറ്റാന്‍ സഹായിക്കുന്നതാണ് പുതിയ പഠന റിപോര്‍ട്ട്.
ഇതിന് കൂടുതല്‍ ബലമേകുമെന്ന മറ്റൊരു കണ്ടെത്തല്‍ കൂടിയുണ്ട് എന്നത് വലിയ ആശ്വാസമാണ്. മറ്റൊരു കോറോണ വൈറസ് മൂലമുണ്ടാകന്ന സാര്‍സ് രോഗം ബാധിച്ച് പിന്നീട് സുഖം പ്രാപിച്ചവരുടെ ശരീരത്തില്‍ 17 വര്‍ഷത്തിനു ശേഷവും ചില പ്രധാന പ്രതിരോധ കോശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നതാണ് ആശ്വാസമേകുന്ന പഠനം. അന്തിമമായി ഒന്നും പറയാറായിട്ടില്ലെങ്കിലും ആശ്വാസമേകുന്ന ഫലങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പഠനങ്ങളെല്ലാം നല്‍കുന്നത്.