പട്‌ന-ഇന്ത്യ സ്വാതന്ത്യം നേടി ഇതാദ്യമായി ബിഹാറില്‍ മുസ്‌ലിം മന്ത്രിയില്ലാത്ത കാബിനറ്റ്. ഇക്കഴിഞ്ഞ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ വരെ മുസ്‌ലിം മന്ത്രിമാരുണ്ടായിരുന്നു. ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഒരു മുസ്‌ലിം എംഎല്‍എയുമില്ല. സഖ്യത്തിലെ നാലില്‍ മൂന്ന് പാര്‍ട്ടികളും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ജെഡിയു മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. അവര്‍ തോല്‍ക്കുകയും ചെയ്തു. ബിഹാറിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളമാണ് മുസ്‌ലീങ്ങള്‍.
മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത്തവണ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്. നവംബര്‍ 10ന് ഫലം പ്രഖ്യാപിച്ചു. 125 സീറ്റില്‍ എന്‍ഡിഎയും 110 സീറ്റില്‍ മഹാസഖ്യവും ജയിച്ചു. അഞ്ച് സീറ്റില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം ജയിച്ചു. 17ാം നിയമസഭയുടെ ആദ്യ യോഗം നവംബര്‍ 23ന് ആരംഭിക്കും. ബിഹാറിലെ ആദ്യ മന്ത്രിസഭയായ ശ്രീകൃഷ്ണ സിന്‍ഹ സര്‍ക്കാര്‍ മുതല്‍ ഇക്കഴിഞ്ഞ നിതീഷ് സര്‍ക്കാരില്‍ വരെ മുസ്‌ലിം മന്ത്രിമാരുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.