മീററ്റ്- ഉത്തര്‍ പ്രദേശില്‍ മുസ് ലിം ജനസംഖ്യ കൂടുതലുള്ള ദുയൂബന്ദില്‍ പാസ്പോര്‍ട്ട് ഉള്ള എല്ലാ പൗരന്മാരുടേയും വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നു. രഹസ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു തൊട്ടുപിറകെയാണ് പാസ്പോര്‍ട്ടുള്ള ആയിരക്കണക്കിനാളുകളെ പരിശോധനക്ക് വിധേയരാക്കുന്നത്.
മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സഹാറന്‍പൂര്‍, മുസഫര്‍നഗര്‍ ജില്ലകളിലും പാസ്പോര്‍ട്ട് പരിശോധന നടക്കും. ബംഗ്ലദേശി തീവ്രവാദികളെന്നാരോപിച്ച് രണ്ടു പേരെ മുസഫര്‍ നഗറില്‍ നിന്ന് ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ദുയൂബന്ദിലെ വിലാസത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് നേടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നതായും അന്വേഷണ സംഘം പറയുന്നു.
ഇത് ദുയൂബന്ദില്‍ മാത്രമോ അല്ലെങ്കില്‍ ഏതെങ്കിലും സമുദായത്തെ മാത്രം ലക്ഷ്യം വച്ചോ അല്ല. ചില തീവ്രവാദ സംഘങ്ങള്‍ ഒളിഞ്ഞിരിക്കുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സഹാറന്‍പൂര്‍, മുസഫര്‍നഗര്‍ എന്നീ ജില്ലകളിലുടനീളം പാസ്പോര്‍ട്ട് പരിശോധന നടത്തുന്നുണ്ട്. സംശയകരമായ പശ്ചാത്തലങ്ങളുള്ള ചില വ്യക്തികളെ നേരത്തെയും ഇവിടെ കണ്ടിട്ടുണ്ട്- സഹാറന്‍പൂര്‍ ഡി.ഐ.ജി കെ.എസ് ഇമ്മാനുവല്‍ പറഞ്ഞു.
ഓഗസ്റ്റില്‍ മുസഫര്‍നഗറില്‍നിന്ന് പിടിയിലായ ബംഗ്ലാദേശി തീവ്രവാദി സഹാറന്‍പൂരില്‍നിന്നാണ് പാസ്പോര്‍ട്ട് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. അതു കൊണ്ടാണ് മുന്‍കരുതല്‍ എന്ന നിലയില്‍ എല്ലാ പാസ്പോര്‍ട്ടുകളും പരിശോധിക്കാന്‍ തീരുമാനിച്ചത്. സുരക്ഷയുടെ കാര്യത്തില്‍ അമാന്തം കാണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത ബംഗ്ലദേശ് പൗരന്‍ അബ്ദുല്ല അല്‍ മഅ്മൂന്‍ നിരോധിത ഭീകര സംഘടനയായ അന്‍സാറുല്ല ബംഗ്ല ടീം (എ.ബി.ടി) അംഗമാണെന്ന് പറയപ്പെടുന്നു. മുസാഫര്‍നഗറില്‍ നിന്ന് പിടിയിലാകുന്നതിനു മുമ്പ് വര്‍ഷങ്ങളോളം ഇയാള്‍ ദുയൂബന്ദിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ സഹായികളെന്നാരോപിച്ച് മറ്റു പലരേയും പിന്നീട് സമീപ പ്രദേശങ്ങളില്‍നിന്ന് പിടികൂടിയിരുന്നു.