Sorry, you need to enable JavaScript to visit this website.

ഹാദിയ കേസില്‍ ജയം ആര്‍ക്ക്? സുപ്രീം കോടതിയില്‍ നടന്നത്

ന്യൂദല്‍ഹി- ഹാദിയയെ നവംബര്‍ 27-ന് ഹാജരാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിലേക്ക് നയിച്ച വാദങ്ങള്‍. ഷെഫിന്‍ ജഹാനു വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ദുശ്യന്ത് ദവെയുമാണ്. എന്‍.ഐ. എക്കു വേണ്ടി ഹാജരായത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്. ഹാദിയയുടെ അച്ഛന്‍ അശോകനു വേണ്ടി ഹാജരായത് ശ്യാം ധവാന്‍. കേസില്‍ കക്ഷി ചേര്‍ന്ന ബിന്ദു സമ്പത്തിനു വേണ്ടി ഐശ്വര്യ ഭാട്ടിയും ഹാജരായി.
കോടതിയില്‍ ഇന്നലെ നടന്ന വാദമുഖങ്ങള്‍:
ചീഫ് ജസ്റ്റിസ്: (എന്‍.ഐ.എക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങിനോട്) താങ്കളോട് ലളിതമായ ഒരു ചോദ്യമുണ്ട്. ഒരു റിട്ട് ഹര്‍ജിയില്‍ ഒരു വിവാഹം എങ്ങനെ അസാധുവാക്കാന്‍ കഴിയും?
മനീന്ദര്‍ സിങ്: വിവാഹത്തിനു മുമ്പ് പെണ്‍കുട്ടി സൈനബ എന്ന സ്ത്രീയുടെ സംരക്ഷണത്തിലായിരുന്നു. ഡിസംബര്‍ 22-ന് പെണ്‍കുട്ടിയെ തിരിച്ചു കൊണ്ടുവരേണ്ടതുമായിരുന്നു. എന്നാല്‍ ഡിസംബര്‍ 19-നും 21-നുമിടയില്‍ പെണ്‍കുട്ടിയുടെ വിവാഹം നടന്നു.
ചീഫ് ജസ്റ്റിസ്: എന്തായിരുന്നു ആ സ്ത്രീയുടെ ആവശ്യം?
മനീന്ദര്‍ സിങ്: രക്ഷിതാക്കളില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു അവരുടെ ഹരജി.
ചീഫ് ജസ്റ്റിസ്: അപ്പോള്‍ അവള്‍ക്ക് പ്രായം എത്ര?
മനീന്ദര്‍ സിങ്: 24 വയസ്സ്.
ചീഫ് ജസ്റ്റിസ്- ഒരു ഹേബിയസ് കോര്‍പസ് ഹരജിയില്‍, തനിക്ക് രക്ഷിതാക്കളുടെ കൂടെ കഴിയേണ്ട എന്നു പെണ്‍കുട്ടി വന്നു പറഞ്ഞാല്‍ കോടതിക്ക് പിന്നെ എന്താണ് ചെയ്യാനുള്ളത്? അവള്‍ എന്താണ് പറഞ്ഞത്?
അതുകൊണ്ട്, വ്യക്തതയ്ക്കും വേണ്ടിയും നിയമപരമായും അവള്‍ ആര്‍ക്കൊപ്പം കഴിയാനാണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടെത്തും. വിവാഹത്തെ സംബന്ധിച്ചിടത്തോളം അത് വ്യക്തിപരമാണ്.
മനീന്ദര്‍ സിങ്: ഇത് തെറ്റായ രീതിയില്‍ വിശ്വാസം പഠിപ്പിച്ച കേസാണ്.
ചീഫ് ജസ്റ്റിസ്: വാസ്തവത്തില്‍ എന്താണ് അവള്‍ക്ക് പറയാനുള്ളത് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്തേണ്ടതുണ്ട്. സ്വമനസ്സാലെ അല്ല സമ്മതിച്ചതെന്ന് ആര്‍ക്കു പറയാനാകും? ദയവു ചെയ്തു ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒറ്റ കേസിന്റെ കാര്യത്തില്‍ നിയമത്തെ തകര്‍ക്കാന്‍ പാടില്ല. ഞാന്‍ തത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സമ്മതം ഉണ്ടോ ഇല്ലെയോ എന്ന് പറയേണ്ടത് ആ വ്യക്തിയാണ്.
മനീന്ദര്‍ സിങ്- തെറ്റായ രീതിയില്‍ വിശ്വാസം പഠിപ്പിച്ച ഒരു കേസാണിതെങ്കില്‍ മാനസികമായ തട്ടിക്കൊണ്ടുപോകല്‍ കേസു കൂടിയാകുമിത്. ഈ രീതിയില്‍ ആശയം കുത്തിവച്ച കേസ് വിശദമായി തന്നെ പരിശോധിക്കേണ്ടത് ആവശ്യമാണ്.
ചീഫ് ജസ്റ്റിസ്: താങ്കള്‍ പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല.
മനീന്ദര്‍ സിങ്: ഹൈക്കോടതി വൈരുധ്യങ്ങല്‍ കണ്ടെത്തിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ്: ഞങ്ങള്‍ അതിലേക്കു പോകുന്നില്ല. ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരമാണോ അല്ലോയോ വിവാഹം ചെയ്തത് എന്ന കാര്യം ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ട്. അവള്‍ സമ്മതം അറിയിച്ചിട്ടുണ്ടോ ഇല്ലേ എന്ന കാര്യം ഞങ്ങള്‍ക്ക് പരിശോധിച്ചേ തീരൂ.
മനീന്ദര്‍ സിങ്: ഞങ്ങള്‍ക്കൊരു ലക്ഷ്മണരേഖയുണ്ട്. ആദ്യ ഉത്തരവില്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ഈ സംഭവത്തില്‍ ഒരു പ്രത്യേക രീതി ഉണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു. സ്ത്രീകളെ തെറ്റായ രീതിയില്‍ വിശ്വാസം പഠിപ്പിക്കുന്ന സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം ഉണ്ടെന്ന് എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടികള്‍ മാത്രമല്ല, പ്രായം കുടുതലുള്ള വിദ്യാര്‍ത്ഥികളും പുരുഷന്‍മാരും ഈ ആശയപ്രചരണത്തിന് വിധേയരായിട്ടുണ്ട്. സമ്മതത്തിനു വേണ്ടി അവര്‍ തന്ത്രപരമായി വളച്ചൊടിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ വിവാഹം അസാധുവാക്കാമെന്ന് കേരള, മദ്രാസ് ഹൈക്കോടതികള്‍ പലപ്പോഴും ഉത്തരവിട്ടിട്ടുണ്ട്. ഈ തത്വം അമേരിക്കയില്‍ ബാധകമാണ് പക്ഷെ ഇവിടെയില്ല. ഈ കേസ് ഒരു മനശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകലായാണ് പരിഗണിക്കപ്പെടുന്നത്.
(ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിഷയം ജസ്റ്റിസ് ജെ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ജെ ചന്ദ്രചൂഡ് എന്നിവരുമായി ചര്‍ച്ച ചെയ്യുന്നു.)
ചീഫ് ജസ്റ്റിസ്: അച്ഛനു വേണ്ടി ആരാണ് ഹാജരാകുന്നത്.
ശ്യാമം ദിവാന്‍: ഞാനാണ് അച്ഛനു (അശോകന്‍) വേണ്ടി ഹാജരാകുന്നത്.
മനീന്ദര്‍ സിങ്: കേരളത്തില്‍ ഇത്തരത്തിലുള്ള 89 കേസുകള്‍ ഞങ്ങള്‍ പരിശോധിച്ചു. ഇവയില്‍ ഒമ്പതിലും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, സൈനബ, മലപ്പുറത്തെ സത്യസരണി എന്നിവരുമായി നേരിട്ട് ബന്ധമുണ്ട്. യുവജനങ്ങളെ ലക്ഷ്യമിടുകയും തീവ്രചിന്താധാരയിലേക്കു നയിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥാപിത സംവിധാനം പ്രവര്‍ത്തിക്കുന്നതായി എന്‍ഐഎ കണ്ടെത്തി. ഈ വ്യക്തിക്കെതിരെ രണ്ടു ക്രിമിനല്‍ കേസുകളുണ്ട്. ഒരു സ്ത്രീക്ക് എങ്ങനെ ഒരു ക്രിമിനലിനെ വിവാഹം ചെയ്യാനാകും?
ചീഫ് ജസ്റ്റിസ്: ആരെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തി ചെയ്താല്‍ താങ്കള്‍ക്കു പ്രതികരിക്കാം. എന്തു നിയമ തത്വമാണ് ഉരുത്തിരിഞ്ഞു വരികയെന്നു മനസ്സിലാക്കാന്‍ ദയവുചെയ്തു ശ്രമിക്കുക. പ്രായപൂര്‍ത്തിയായ ഒരാള്‍ ഒരു ക്രിമിനലുമായി പ്രണയത്തിലാകുന്നതിനും വിവാഹം ചെയ്യുന്നതും വിലക്കുന്ന ഏതെങ്കിലും നിരോധന നിയമമുണ്ടോ?
മനീന്ദര്‍ സിങ്: ഇല്ല. ഹൈക്കോടതി ഒരാളുടെ സംരക്ഷത്തില്‍ വിട്ട വ്യക്തി നിയമപരമായ പ്രശ്നങ്ങള്‍ മറികടക്കാന്‍ രണ്ടു ദിവസത്തിനു ശേഷം വിവാഹം കഴിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ്: ഒരു ക്രിമിനലിനെ നിങ്ങള്‍ക്ക് പിടികൂടി തടവിലാക്കാം. ഒരു വ്യക്തിയുടെ കസ്റ്റഡി എന്നു താങ്കള്‍ പറയുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. താങ്കള്‍ കസ്റ്റഡിയിലിരിക്കുന്ന ഒരു വസ്തുവിനെ കുറിച്ചല്ല പറയുന്നത്. ഈ പ്രശ്നം വിവാഹ ബന്ധവും ഹേബിയസ് കോര്‍പസുമായി ബന്ധപ്പെട്ട വിഷയമാണ്. എന്തധികാരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷാകര്‍തൃത്വ അധികാരം നല്‍കാനാകുക?
മനീന്ദര്‍ സിങ്: യുഎസില്‍...
ചീഫ് ജസ്റ്റിസ്: അമേരിക്കയെ വിടൂ.
മനീന്ദര്‍ സിങ്: കോടതി ഉത്തരവ് പ്രകാരം സംരക്ഷണം ഒരു സാമൂഹിക പ്രവര്‍ത്തകയ്ക്കു നല്‍കിയതായിരുന്നു. രണ്ടു ദിവസത്തിനു ശേഷം സംശയകരമായ സാഹചര്യങ്ങളില്‍ വിവാഹം നടത്തുകയായിരുന്നു.
ചീഫ് ജസ്റ്റിസ്: പ്രായപൂര്‍ത്തിയായ ഒരാളുടെ കേസില്‍ ഒരു വ്യക്തിയെ അച്ഛനോടൊപ്പമോ ഭര്‍ത്താവിനൊപ്പമോ വിടാന്‍ താങ്കള്‍ക്കു നിര്‍ദേശിക്കാനാവില്ല.
മനീന്ദര്‍ സിങ്: നിയമ തടസ്സങ്ങള്‍ മറികടക്കാനാണ് വിവാഹം നടത്തിയതെങ്കില്‍ അത് മാറ്റിവെക്കേണ്ടത് നിര്‍ബന്ധമാണ്.
ചീഫ് ജസ്റ്റിസ്: ഒരു വ്യക്തി അച്ഛനോടൊപ്പം കഴിയാന്‍ തൃപ്തിപ്പെടുന്നില്ലെങ്കിലോ?
മനീന്ദര്‍ സിങ്: ഇതൊരു സാധാരണ സാഹചര്യമല്ല. ഇവിടെ ആശയം കുത്തിവെക്കലും തീവ്രവാദ വല്‍ക്കരണവും ഉണ്ട്. ആശയം കുത്തിവെക്കല്‍ സ്വതന്ത്രമായ സമ്മതത്തിന് അപവാദമാണെന്ന് യേല്‍ യൂണിവേഴ്സിറ്റിയുടെ ഒരു പഠനം പറയുന്നു.
ചീഫ് ജസ്റ്റിസ്: വ്യക്തി സ്വാതന്ത്ര്യങ്ങളിലേക്ക് അവയൊന്നും കൊണ്ടുവരേണ്ടതില്ല. ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ എവിടെ കഴിയാനാണ് താല്‍പര്യമെന്ന് അവളോട് ഞങ്ങള്‍ ചോദിക്കും. രക്ഷിതാക്കളോടൊപ്പം കഴിയേണ്ടെന്ന് പറഞ്ഞാല്‍ അവളെ ഇഷ്ടമുള്ളിടത്ത് പോകാന്‍ അനുവദിക്കും.
മനീന്ദര്‍ സിങ്: ഒരു സാധാരണ ക്രമസമാധാന പ്രശ്നവുമായല്ല എന്‍ഐഎ വന്നിട്ടുള്ളത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎ വന്നത്.
ചീഫ് ജസ്റ്റിസ്: ഇന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത് പെണ്‍കുട്ടിയെ ഹാജരാക്കാനാണ്. നാം എന്തൊക്കെ പറഞ്ഞാലും സ്വന്തമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ശേഷി അവള്‍ക്കില്ലെന്ന ഒരു സംശയം നമുക്കുണ്ട്. ഞങ്ങള്‍ അതു പരിശോധിക്കും.
മനീന്ദര്‍ സിങ്: ഇതിനെ എതിര്‍ക്കാന്‍ ഞാന്‍ ആരുമല്ല. ആര്‍ക്കും എതിര്‍ക്കാനുമാവില്ല. സാധാരണ സാഹചര്യങ്ങള്‍ ഇതു ശരിയാണ്. എന്നാല്‍ അവള്‍ തയാറാണോ എന്നു മനസ്സിലാക്കാനുള്ള ഒരു നിലയിലല്ല കോടതി പരിശോധിക്കേണ്ടത്. ആശയം കുത്തിവെക്കല്‍ എന്ന ഒരു വിഷയമുണ്ട്. ഇത്തരം സംഭവങ്ങളില്‍ മനസ്സ്് ബാഹ്യസ്വാധീനങ്ങള്‍ക്ക് വിധേയമായിരിക്കും.
ചീഫ് ജസ്റ്റിസ്: അങ്ങനെ ആവാം. ഇത് അംഗീകരിച്ചാല്‍ മഴുവന്‍ നിയമവും (ഹേബിയസ് കോര്‍പസ്) താറുമാറാകും. നമ്മുടെ ഭരണഘടന അനുസരിച്ച് ഒരു വ്യക്തിയെ ഹാജരാക്കുകയും അവളോട് അഭിപ്രായം ചോദിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു വ്യക്തിയില്‍ സ്വന്തം രക്ഷിതാക്കളേയും മതത്തേയും വെറുക്കുന്ന തരത്തില്‍ ആശയംകുത്തിവെക്കപ്പെട്ടാല്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവ് ഉപയോഗിച്ചിട്ടുണ്ടോ എന്നു തീരുമാനിക്കാന്‍ കാര്യമായി വേറെ ഒന്നുമില്ല.
മനീന്ദര്‍ സിങ്: ഞങ്ങള്‍ ഒരു അന്വേഷണം നടത്തിയിട്ടുണ്ട്. ദയവ് ചെയ്തു അതു പരിഗണക്കണം. ഇത് പാഴായിപ്പോകാന്‍ അനുവദിക്കരുത്. വിസ്തരിക്കാന്‍ പോകുന്ന വ്യക്തിയുടെ മാനസിക നില ശരിയായ രീതിയില്‍ തന്നെയാണോ എന്നു തീരുമാനിക്കേണ്ടത് കോടതിയുടെ ആവശ്യമാണ്. വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യാനറിയുന്നവരുണ്ട്. കേരള, തമിഴ്നാട് ഹൈക്കോടതികളുടെ നേരത്തെയുള്ള വിധികളില്‍ ഇതു പരിഗണിച്ചിട്ടുണ്ട്. ദയവു ചെയ്ത് ഇത് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തിയാണോ എന്നു തീരുമാനമെടുക്കുന്നതിനു മുമ്പ് ആ റിപ്പോര്‍ട്ടും വിധികളും പരിഗണിക്കണം.
(മനീന്ദര്‍ സിങിന്റെ വാദം അവസാനിക്കുന്നു. ശ്യാം ധവാന്‍ വാദം തുടങ്ങുന്നു)
ശ്യാം ധവാന്‍: 4/8/17ലെ ഇടക്കാല ഉത്തരവില്‍നിന്ന് വ്യത്യസ്മായ സാഹചര്യത്തിലല്ല നാമിപ്പോള്‍. ഹൈക്കോടതിയുടെ വിധി കോടതി സശ്രദ്ധം പരിശോധിച്ചിരുന്നു. മറ്റു വിധികളും റിപ്പോര്‍ട്ടുകളും പരിശോധിച്ചിരുന്നു. അതു കൊണ്ട് ഈ വിഷയത്തില്‍ ഇനിയൊരു പിന്നോട്ടു പോക്കിനാവില്ല.
മകളെ ഹാജരാക്കണം എന്നാവശ്യപ്പെട്ടല്ലായിരുന്നു അദ്ദേഹത്തിന്റെ ഹരജി. വ്യക്തികളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന ഒരു വലിയ സംഘടനാ സംവിധാനം പ്രവര്‍ത്തിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ്. പിഎഫ്ഐയും അതിന്റെ വിവിധ മുഖങ്ങളും. കരുതലില്ലാത്ത വ്യക്തികള്‍ ഇവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടതിനു ശേഷം ഈ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടില്‍ പെട്ടന്നൊരു മാറ്റം ഉണ്ടായിട്ടുണ്ട്. പെട്ടെന്നൊരു നാള്‍ സിറിയയിലേക്ക് ആടു മേയ്ക്കാന്‍ പോകുന്നതിനെ കുറിച്ച് അവള്‍ പറഞ്ഞിരുന്നു. ഐസിസിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പോയിട്ടുമുണ്ട്. കോടതി ശരിയായ ദിശയില്‍ തന്നെയാണ് ഈ വിഷയം എടുത്തിട്ടുള്ളത്.
ഈ മതംമാറ്റങ്ങള്‍ക്കു പിന്നില്‍ പിഎഫ്ഐ പോലുള്ള സംഘടനകളാണ്. മനസ്സുകളെ തീവ്രവാദത്തിലേക്കു നയിക്കാന്‍ അവരില്‍ വിദ്യാര്‍ത്ഥികളും പ്രബോധകരും മനശാസ്ത്രജ്ഞരും എല്ലാമുണ്ട്. ഇത് കേരളത്തിലെ ഒരു പ്രശ്നമല്ല. മറ്റിടങ്ങളിലേയും വിഷയമാണ്. തീവ്രവാദവല്‍ക്കരണം കോടതി അനുവദിക്കുമോ?
ചീഫ് ജസ്റ്റിസ്: പെണ്‍കുട്ടിയെ ഹാജരാക്കേണ്ടതുണ്ട്. താങ്കളുടെ എതിര്‍വാദങ്ങള്‍ പിന്നീട് പരിശോധിക്കാം. ഇത്തരമൊരു കേസില്‍ വിഷയം രക്ഷാകര്‍തൃത്വമല്ല, വൈവാഹികമാണ്.
ശ്യാം ധവാന്‍: ഇതെല്ലാവരേയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണ്. ഇതില്‍ പൊതുസമൂഹത്തിന് ഒന്നും ചെയ്യാനില്ലേ?
ചീഫ് ജസ്റ്റിസ്: ചില സമയങ്ങളില്‍ വാദം ഉന്നയിക്കുമ്പോള്‍ ഒരു അഭിഭാഷകന് മികച്ച പ്രസംഗങ്ങള്‍ നടത്താന്‍ കഴിയും. എന്നാല്‍ അത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറും. സമൂഹത്തിന്റെ അഭിപ്രായത്തിനനുസരിച്ചല്ല കോടതി തീരുമാനമെടുക്കുന്നത്. നിയമത്തിന്റെ ഭാഷയാണ് കോടതി പരിഗണിക്കുന്നത്. താങ്കളുടെ പ്രമാണം ഹേബിയസ് കോര്‍പസില്‍ ഉള്‍പ്പെടുത്താമെങ്കില്‍ ഞങ്ങള്‍ അത് സ്വീകരിക്കും. എല്ലാ വിഷയങ്ങളും പരിഗണിക്കും. പക്ഷേ പെണ്‍കുട്ടിയെ നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്. സമ്മതം അറിയിക്കാനുള്ള മാനസിക നിലയിലാണോ അവളുള്ളതെന്ന് ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ട്.
ശ്യാം ധവാന്‍: എന്‍ഐഎ റിപ്പോര്‍ട്ട് കോടതി കാണേണ്ടതുണ്ട്. പെണ്‍കുട്ടിയില്‍ ആശയം കുത്തിവെക്കപ്പെട്ടിരിക്കുന്നു. അവളുടെ തെരഞ്ഞെടുപ്പ് അന്തിമമായി പരിഗണിക്കാനാവില്ല.
ചീഫ് ജസ്റ്റിസ്: റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. ആദ്യം പെണ്‍കുട്ടിയോട് നേരിട്ട് സംസാരിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ അഭിപ്രായത്തിനനുസരിച്ചല്ല കോടതി മുന്നോട്ടു പോകുന്നത്. നിയമം അനുസരിച്ചു മാത്രമെ തീരുമാനമെടുക്കൂ. ഹേബിയസ് കോര്‍പസ് ഹരജിയില്‍ അവളെ ഹാജരാക്കേണ്ടതുണ്ട്. ഹിപ്നോട്ടിസം ഹേബിയസ് കോര്‍പസ് നിയമത്തിന്റെ ഭാഗമല്ല.
ശ്യാം ധവാന്‍: അവളെ രഹസ്യമായി വിസ്തരിക്കുന്ന കാര്യം കോടതി പരിഗണിക്കണമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടു വെക്കുന്നു. ഇതില്‍ നിന്നും പുറത്തു വന്ന മറ്റു വ്യക്തികളുമായി ബന്ധപ്പെട്ട തെളിവുകളും ഇക്കൂട്ടത്തിലുണ്ട്. തീരുമാനമെടുക്കുമ്പോള്‍ ഈ ഘടകവും പരിഗണിക്കണം. തീവ്രവാദവല്‍ക്കരണത്തിന് ഒരു മുഴു സംഘടനാ സംവിധാനം തന്നെ ഉണ്ടായിരുന്നു. ഹരജിക്കാരന്‍ ആരാണെന്നും കോടതി അറിയണം.
ചീഫ് ജസ്റ്റിസ്: ഹരജിക്കാരന്റെ വാദമല്ല കോടതി കേള്‍ക്കുന്നത്. അവള്‍ ഭര്‍ത്താവിന്റെ കൂടെ പോകണോ എന്നകാര്യവും ഞങ്ങള്‍ പരിഗണിക്കും.
(ഹാരിസ് ബീരാന്‍ ചില രേഖകള്‍ കപില്‍ സിബലിനും ദുശ്യന്ത് ദവേയ്ക്കും കൈമാറുന്നു)
കപില്‍ സിബല്‍: (ആ രേഖ വായിക്കുന്നു, രാഹുല്‍ ഈശ്വറിന്റെ അഭിമുഖം). ഓഗാസ്റ്റ് 17-ന് തടവിലാക്കപ്പെട്ട ഈ പെണ്‍കുട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്, 'ഈ വീട്ടു തടങ്കലാണോ ഞാന്‍ അര്‍ഹിക്കുന്നത്? എന്റെ ജീവിതം ഇങ്ങനെ ആയിത്തീര്‍ന്നാല്‍ മതിയോ? എന്നെ ഇവിടെ നിന്നും പുറത്തിറക്കണം. ഞാന്‍ ഏതു നിമിഷവും കൊല്ലപ്പെടാം. ഇന്നോ നാളെയോ. എന്റെ അച്ഛന് ദേഷ്യമുണ്ടെന്ന് എനിക്കറിയാം. ഞാന്‍ സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം എന്നെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു.'
ശ്യാം ധവാന്‍: ഈ വ്യക്തിയെ (ഹരജിക്കാരനായ ഷെഫിന്‍ ജഹാന്‍) കുറിച്ച് ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. മാന്‍സി ബുറാഖ് എന്നു വിളിക്കപ്പെടുന്ന വ്യക്തിയെ നിങ്ങള്‍ക്കറിയുമോ? അദ്ദേഹം എസിസില്‍ ആളെ ചേര്‍ക്കുന്നയാളാണ്. സോഷ്യല്‍ മീഡിയയില്‍ ഇയാളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്.
കപില്‍ സിബല്‍: ഇത് തീര്‍ത്തും തെറ്റാണ്. കേരള പോലീസ് അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയിട്ടില്ല. അദ്ദേഹം പറയുന്നത് കേരളം ഒന്നടങ്കം ഐസിസിലേക്കു പോയി എന്നാണ്. ചുമതലപ്പെടുത്തിയ ജഡ്ജ് ജോലി ഏറ്റെടുക്കാന്‍ തയാറായിട്ടില്ലാത്തതിനാല്‍ അധികാരമില്ലാതെയാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്.
ശ്യാം ധവാന്‍: എന്‍ഐഎ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എനിക്കറിയില്ല. എന്നാല്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
കപില്‍ സിബല്‍: എന്‍ഐഎ മാത്രമാണോ രാജ്യത്തെ വിശ്വസനീയമായ ഒരോ ഒരു അന്വേഷണ ഏജന്‍സി? കേരള പോലീസില്‍ താങ്കള്‍ക്ക് വിശ്വാസമില്ലെ?
ബിന്ദു സമ്പത്തിനു വേണ്ടി ഹാജരായ അഭിഭാഷക ഐശ്വര്യ ഭാട്ടി: എന്റെ റിട്ട് ഹരജിയും ദയവു ചെയ്തു പരിഗണിക്കണം.
ചീഫ് ജസ്റ്റിസ്: താങ്കളുടേത് മറ്റൊരു റിട്ട് ഹരജിയാണ്. പിന്നീട് പരിഗണിക്കാം.
ഐശ്വര്യ ഭാട്ടി: ഞാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു അപേക്ഷ കൂടി നല്‍കിയിട്ടുണ്ട്. അ്ഫ്ഗാനിസ്ഥാനിലേക്കു കൊണ്ടു പോയ മകളുടെ അമ്മയ്ക്കു വേണ്ടിയാണ് ഞാന്‍ ഹാജരാകുന്നത്.
ചീഫ് ജസ്റ്റിസ്: കഴിഞ്ഞ തവണ ഈ വിഷയം പരിഗണിച്ചപ്പോള്‍ നിങ്ങളോടെല്ലാം നിയമം മുന്‍ നിര്‍ത്തി വാദമുന്നയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എല്ലാം പ്രസക്തമല്ലാത്ത വാദം. നിങ്ങള്‍ ഭയങ്കരന്മാര്‍ തന്നെ.
ചീഫ് ജസ്റ്റിസ് ഐശ്വര്യ ഭാട്ടിയോട്: ഞങ്ങള്‍ അന്തിമമായി തീരുമാനത്തിലെത്തിയിട്ടില്ല. ഇതെ വഴിയില്‍ തന്നെ തുടരും. നിങ്ങളുടെ വിഷയം ലിസ്റ്റ് ചെയ്യും.
ചീഫ് ജസ്റ്റിസ് ശ്യാം ധവാനോട്: അവള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്നല്ല ഞങ്ങള്‍ പറയുന്നത്. ഒരു വ്യക്തിയില്‍ ആശയംഅടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ സ്വന്തം താല്‍പര്യത്തില്‍ വിട്ടുവീഴ്ച വരുന്നു എന്ന കാര്യമാണ് താങ്കള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതൊക്കെ പിന്നീട് വരുന്ന പരിഗണനാ വിഷയമാണ്. ആദ്യം ഞങ്ങള്‍ അവളെ നേരിട്ട് കാണും. ഈ തത്വം പരിശോധിക്കപ്പെട്ടിട്ടില്ല.
ശ്യാം ധവാന്‍: കോടതിക്ക് അവളെ രഹസ്യ വിസ്താരം ചെയ്യാം. പിന്നീട് വേണമെങ്കില്‍ തുറന്ന കോടതിയിലും വിസ്തരിക്കാം.
ചീഫ് ജസ്റ്റിസ്: രഹസ്യ വിസ്താരം നടത്താന്‍ കോടതി ഉദ്ദേശിക്കുന്നില്ല.
(തുടര്‍ന്ന് വിധി പ്രസ്താവിച്ചു)
ചീഫ് ജസ്റ്റിസ്: ഈ വാദങ്ങളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 16-ലെ വിധി കോടതി തിരുത്തുന്നു. നവംബര്‍ 27-ന് വൈകീട്ട് മൂന്നിന് ഒന്നാം വാദിയുടെ (അശോകന്‍) മകളുടെ സാന്നിധ്യം കോടതിയില്‍ ഉണ്ടായിരിക്കണമെന്ന് ഉത്തരവിടുന്നു. അവളെ രഹസ്യമായല്ല, തുറന്ന കോടതിയില്‍ തന്നെ വിസ്തരിക്കുമെന്ന കാര്യവും കോടതി ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.
 
 
 

Latest News