ജെ.എന്‍.യുവിന്റെ പേരു മാറ്റണമെന്ന് ബി.ജെ.പി നേതാക്കള്‍ വീണ്ടും

ന്യൂദല്‍ഹി- ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക് സ്വാമി വിവേകാനന്ദന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി. രവി. ആവശ്യത്തെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി.

കാമ്പസില്‍ വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തതിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.

ഭാരതം എന്ന ആശയത്തിനു വേണ്ടി നിലകൊണ്ടയാളാണ് സ്വാമി വിവേകാനന്ദനെന്നും അദ്ദേഹത്തിന്റെ തത്വങ്ങളും മൂല്യങ്ങളും ഭാരതത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നതെന്നും സി.ടി. രവി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ സ്വാമി വിവേകാനന്ദ യൂണിവേഴ്‌സിറ്റി എന്ന് പുനര്‍നാമകരണം ചെയ്താല്‍ ഭാരതത്തിന്റെ ദേശസ്‌നേഹിയായ സന്യാസിയുടെ ജീവിതം വരുംതലമുറകള്‍ക്ക് പ്രചോദനമാകുമെന്നും  ട്വീറ്റില്‍ പറഞ്ഞു.

ബി.ജെ.പിയുടെ ദല്‍ഹി വക്താവ് തേജിന്ദര്‍ പാല്‍ സിങ് ബഗ്ഗ, മനോജ് തിവാരി എന്നിവരടക്കം മറ്റു ബി.ജെ.പി നേതാക്കള്‍ ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി.

നേരത്തെ ജെ.എന്‍.യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു.

 

 

Latest News