ന്യൂദല്‍ഹി- പത്തു വര്‍ഷത്തിനിടെ അമ്പതോളം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സിബിഐ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ജലസേചന വകുപ്പില്‍ എന്‍ജിനീയറായ റാംഭവന്‍ ആണ് പിടിയിലായത്. 2009ല്‍ ജൂനിയര്‍ സിവില്‍ എന്‍ജിനീയറായി സര്‍വീസില്‍ പ്രവേശിച്ച ഇയാളെ അറസ്റ്റിനു പിന്നാലെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങളും വിഡിയോകളും ഇന്റര്‍നെറ്റില്‍ വില്‍ക്കുകയും ചെയ്‌തെന്നാണ് കേസ്. അഞ്ചിനും 16നും വയസ്സിനിടയിലുള്ളവരാണ് ഇയാളുടെ പീഡനങ്ങള്‍ക്ക് ഇരയായതെന്ന് സിബിഐ പറയുന്നു. ബന്ദ, ഛിത്രകൂട്, ഹമിപൂര്‍ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് ഇരകള്‍. ബന്ദയില്‍ അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച സിബിഐ പോലീസ് കസ്റ്റഡയില്‍ വാങ്ങും. ഇയാള്‍ക്കു പിന്നില്‍ മറ്റു പ്രതികളും ഉണ്ടാകാമെന്നും സിബിഐ പറയുന്നു. പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടു ലക്ഷം രൂപ പണമായും, ലൈംഗിക കളിയുപകരണങ്ങളും ലാപ്‌ടോപും കുട്ടികളുടെ നിരവധി ലൈംഗിക പീഡന ദൃശ്യങ്ങളുള്‍പ്പെടുന്ന മറ്റു തെളിവുകളും സിബിഐ ശേഖരിച്ചു. ഇയാള്‍ വിദേശത്തുള്ളവരുമായും ബന്ധപ്പെട്ടിരുന്നതായും തെളിഞ്ഞിട്ടുണ്ട്. കേസില്‍ തനിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ പ്രതി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും മറ്റു ഉപകരണങ്ങളും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും സിബിഐ സംഘം കണ്ടെത്തി.