ചെന്നൈ-തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ എല്‍.മുരുകന്‍ നയിക്കുന്ന വെട്രിവേല്‍ യാത്ര പലയിടത്തും സര്‍ക്കാര്‍ തടയുകയും പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭരണകക്ഷിയായ എഐഡിഎംകെയുടെ പ്രസിദ്ധീകരണമായ നമദു അമ്മ ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ശാന്തിയും സമാധാനവും സാഹോദര്യവും നശിപ്പിക്കുന്നതിനേ വെട്രിവേല്‍ യാത്ര ഉപകരിക്കൂ എന്നാണ് നമദു അമ്മയിലെ ലേഖനത്തില്‍ പാര്‍ട്ടി അഭിപ്രായപ്പെടുന്നത്. കറുപ്പര്‍ കൂട്ടമായാലും കാവി കൂട്ടമായാലും ജനങ്ങളെ ജാതി മത ഭേദമുണ്ടാക്കി ഭിന്നിപ്പിക്കുകയും ചെയ്യുന്ന യാത്രകളൊന്നും സംസ്ഥാനത്ത് അനുവദിക്കില്ല. ജനങ്ങളെ നയിക്കാനാണ് മതങ്ങള്‍ ഭിന്നിപ്പിക്കാനല്ല- പാര്‍ട്ടി പ്രസിദ്ധീകരണം വ്യക്തമാക്കി.