Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; യു.പി സർക്കാറിന് സുപ്രീം കോടതി നോട്ടീസ്, കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റി

ന്യൂദൽഹി- രാജ്യദ്രോക്കുറ്റം ആരോപിച്ച് യു.പി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഉത്തർ പ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയനാണ് സിദ്ദിഖിന്റെ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 40 ദിവസമായി മഥുര ജയിലിലാണ് സിദ്ദിഖ്.
സിദ്ദിഖിനെ കാണാൻ അഭിഭാഷകരെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അനുവദിക്കുന്നില്ലെന്ന് സിദ്ദീഖിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചെങ്കിലും സിദ്ദിഖ് ജയിലിലാണെന്നും ആരെയും കാണാൻ അനുവദിക്കുന്നില്ലെന്നും ഹൈക്കോടതിയിൽ പോകാൻ കഴിയില്ലെന്നും സിബൽ വ്യക്തമാക്കി. 

നേരത്തെ നൽകിയ ഹേബിയസ് കോർപസ് ഹർജി ഭേദഗതി ചെയ്ത് നൽകിയിട്ടില്ല എന്നും കോടതി പറഞ്ഞു. എന്നാൽ സിദ്ദിഖിനെ കാണാൻ കഴിയാതെ ഹർജി ഭേദഗതി ചെയ്യാൻ സാധിക്കുകയില്ലെന്ന് സിബൽ ചൂണ്ടിക്കാട്ടിയതോടെ കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ സിബൽ തുനിഞ്ഞെങ്കിലും കോടതി ഇത് അനുവദിച്ചില്ല. തുടർന്ന് യു.പി സർക്കാരിന് നോട്ടീസ് അയയ്ക്കാനും നിർദേശിച്ചു. അതേസമയം, തങ്ങൾ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് തന്നെ വിട്ടേക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. ഒക്‌ടോബർ അഞ്ചിനാണ് യു.പിയിലെ ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ സിദ്ദിഖിനെ മഥുരയിൽ യു.പി പോലീസ് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവർത്തക യൂണിയന്റെ ദൽഹി യൂണിറ്റ് സെക്രട്ടറിയാണ് സിദ്ദീഖ് കാപ്പൻ.
 

Latest News