Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ ജെഡിയുവിന് 12 മന്ത്രിമാര്‍, ബിജെപിക്ക് 18; നിതീഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പട്‌ന- ബിഹാറില്‍ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. നാലാമതും  മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. 43 സീറ്റു നേടിയ നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയുവിന് 12 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. 74 സീറ്റില്‍ ജയിച്ച് എന്‍ഡിഎയിലെ ഏറ്റവും വലിയ കക്ഷിയായി മാറിയ ബിജെപിക്ക് 18 മന്ത്രിമാരും ഉണ്ടാകുമെന്നും എന്‍ഡിഎയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്‍ഡിഎയിലെ ചെറുകക്ഷികളായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാം മോര്‍ച എന്നിവര്‍ക്ക് ഓരോ മന്ത്രിമാര്‍ വീതവും ഉണ്ടാകും. വലിയ കക്ഷിയായെങ്കിലും മുഖ്യമന്ത്രി പദവി നിതീഷിനു വിട്ടു നല്‍കിയ ബിജെപി ഇത്തവണ രണ്ടു ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി സുഷീല്‍ മോഡിക്കു പകരം ബിജെപി സഭാകക്ഷി നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട തര്‍കിഷോര്‍ പ്രസാദും പിന്നാക്ക സമുദായത്തില്‍ നിന്നുള്ള വനിതാ നേതാവ് രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് റിപോര്‍ട്ട്. മുന്‍ ഉപമുഖ്യമന്ത്രി സുഷീല്‍ മോഡിക്ക് കേന്ദ്രത്തില്‍ ബിജെപി മറ്റൊരു പദവി കണ്ടുവച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്. സ്പീക്കര്‍ പദവിയും ബിജെപി ഏറ്റെടുത്തേക്കും.

മന്ത്രിമാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായേക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഓരോ ഏഴു സീറ്റിനും രണ്ടു മന്ത്രി പദവി എന്ന ഫോര്‍മുലയിലാണ് എന്‍ഡിഎ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതു പ്രകാരം ജെഡിയുവിന് 14 മന്ത്രിമാരെ വരെ പ്രതീക്ഷിക്കാം. ബിജെപിക്ക് 20 മന്ത്രിപദവികളും ലഭിക്കാം. ബിഹാറില്‍ നിയമസഭാ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി 36 മന്ത്രിമാര്‍ വരെ ആകാം.

Latest News