മുംബൈ-ശിവസേനയെ ശവസേനയെന്ന് വിളിച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ പത്‌നി അമൃത ഫഡ്‌നവിസിന് കുറിയ്ക്കു കൊള്ളുന്ന മറുപടിയുമായി ശിവസേന.
എല്ലാ അക്ഷരങ്ങളും പ്രധാനപ്പെട്ടതാണെന്നും എല്ലാറ്റിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കണമെന്നും അമൃത ഫഡ്‌നവിസിനോട് ശിവസേന. പാര്‍ട്ടിയെ 'ശവ് സേന' എന്ന് വിളിച്ചതിന് അതേ നാണയത്തിലായിരുന്നു ശിവസേനയുടെ മറുപടി. അമൃതയെന്ന പേരിലെ ആദ്യ അക്ഷരമായ 'അ' മാറ്റിയാല്‍ എന്താവുമെന്നായിരുന്നു ശിവസേന നേതാവും വക്താവുമായ നീലം ഗോര്‍ഹേയുടെ മറുചോദ്യം. ദീപാവലിയുടെ ഐശ്വര്യപൂര്‍ണമായ വേളയില്‍ മോശം ചിന്തകള്‍ മനസ്സിലേക്ക് കൊണ്ടുവരാതിരിക്കൂ എന്നും ശിവസേനാ വക്താവ് നീലം ഗോര്‍ഹേ പറഞ്ഞു
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ മോശം പ്രകടനത്തെ പരിഹസിച്ചാണ്, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ പത്‌നി അമൃത 'ശവസേന'യെന്ന് പാര്‍ട്ടിയെ ആക്ഷേപിച്ചത്.
'എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്, സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസിനെ ബിഹാറില്‍ ശവ് സേന കൊന്നു. എന്തായാലും ബിഹാറിനെ ശരിയായ സ്ഥലത്ത് നിര്‍ത്തിയതിന് നന്ദി', ഇങ്ങനെയായിരുന്നു അമൃതയുടെ ട്വീറ്റ്.