ബംഗളുരു- യുഎഇയില്‍ എന്‍എംസി കോര്‍പറേറ്റ് തട്ടിപ്പുകേസില്‍ കുരുക്കിലായ പ്രവാസി വ്യവസായി ബി. ആര്‍. ഷെട്ടിയെ യുഎഇയിലേക്കുള്ള യാത്രാ മധ്യേ ബംഗളുരു വിമാനത്താവളത്തില്‍ തടഞ്ഞു. എട്ടു മാസം ഇന്ത്യയില്‍ തങ്ങിയ ശേഷം യുഎഇയിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഇത്തിഹാദ് വിമാനത്തില്‍ യാത്ര ചെയ്യാനായി ബംഗളുരു വിമാനത്താവളത്തിലെത്തിയത്. ഇവിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ യാത്ര തടയുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു. അബുദബിയിലേക്ക് വരാനായിരുന്നു ഷെട്ടിയുടെ നീക്കം. അതേസമയം കൂടെ ഉണ്ടായിരുന്ന ഭാര്യ ഡോ. ചന്ദ്രകുമാരി ഷെട്ടിയെ വിമാനം കയറാന്‍ അധികൃതര്‍ അനുവദിച്ചു.
യുഎഇയില്‍ കോടിക്കണക്കിന് ഡോളറുകള്‍ വെട്ടിച്ചതിന് കേസുകള്‍ നേരിടുന്ന ഷെട്ടിക്കെതിരെ ഇന്ത്യയിലെ ബാങ്കുകളും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതാണ് യാത്ര തടയാന്‍ കാരണമെന്ന് കരുതുന്നു. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ 25 കോടി ഡോളറിന്റ കടബാധ്യത ഷെട്ടിയുടെ പേരിലുണ്ട്. ഈ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ ബാങ്കുകളും അദ്ദേഹത്തിന് യാത്രാ വിലക്കേര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചതായി അറിയുന്നു. ബാങ്ക് ഓഫ് ബറോഡയില്‍ ഷെട്ടി ഈടായി വച്ച വസ്തു വില്‍ക്കുന്നതില്‍ നിന്ന് ഷെട്ടിയെ കോടതി തടഞ്ഞിരുന്നു.
യുഎഇയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ യുഎഇയിലെത്തുമെന്ന് ശനിയാഴ്ച വൈകീട്ടാണ് ഷെട്ടി പ്രസ്താവന ഇറക്കിയത്. യുഎഇയിലെ നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ബാധ്യതകള്‍ തീര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ വെട്ടിപ്പുകള്‍ ഇന്ത്യയിലെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ഷെട്ടി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ആവശ്യം ഉന്നയിച്ചിരുന്നു.