പട്‌ന- ബിഹാറില്‍ നാലാം തവണയും മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ എന്‍ഡിഎ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് നിതീഷിനെ സഭയിലെ കക്ഷി നേതാവായി തീരുമാനിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് എന്‍ഡിഎ ഉടന്‍ ഗവര്‍ണറെ കാണും. നേിരയ ഭൂരിപക്ഷത്തിന് അധികാരം നിലനിര്‍ത്തിയ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കുമെന്നാണ് സൂചന. 243 അംഗ നിയമസഭയില്‍ എന്‍ഡിഎക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മൂന്നു തവണ മുഖ്യമന്ത്രിയായ നിതീഷിന് ഇത്തവണ ആദ്യമായി ശക്തമായ ഭരണവിരുദ്ധ വികാരം നേരിടേണ്ടിവന്നിരുന്നു. ഇത് ജെഡിയുവിന് വലിയ സീറ്റു നഷ്ടം ഉണ്ടാക്കുകയും ചെയ്തു. സഖ്യകക്ഷിയായ ബിജെപി കൂടുതല്‍ സീറ്റ് നേടിയ വലിയ കക്ഷിയായപ്പോള്‍ മുഖ്യമന്ത്രി പദം ആര്‍ക്കു നല്‍കുമെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപിയും നേരത്തെ നിലപാട് അറിയിച്ചിരുന്നു. ഇന്ന് എന്‍ഡിഎ തീരുമാനം വന്നതോടെ ഇതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് അവസാനമായി.