ജറൂസലം- ഗാസ മുനമ്പില്‍നിന്ന് തെക്കന്‍ ഇസ്രായിലില്‍ റോക്കറ്റാക്രമണം നടത്തിയതായി ഇസ്രായില്‍ സേന അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഗാസയില്‍നിന്ന് രണ്ട് റോക്കറ്റുകള്‍ തൊടുത്തതായാണ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചത്.
ഗാസ മുനമ്പില്‍നിന്ന് ഏകദേശം 64 കിലോമീറ്റര്‍ വടക്ക് ഇസ്രായില്‍ തീരദേശ പട്ടണമായ അഷ്‌ദോഡില്‍ റോക്കറ്റുകളിലൊന്ന് പതിച്ചതിനെ തുടര്‍ന്ന് അപായ സൈറണുകള്‍ മുഴങ്ങി.
ഇസ്രായിലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം സാധാരണ പോലെ മറ്റു റോക്കറ്റുകള്‍ തകര്‍ത്തതായി സൈന്യം പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ മിസൈല്‍ വിരുദ്ധ സംവിധാനത്തിന് രണ്ട് റോക്കറ്റുകള്‍ തടയാന്‍ കഴിഞ്ഞില്ല.
ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് റോക്കറ്റുകള്‍ പതിച്ചതെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 12 ന് ഗാസ സിറ്റിയിലെ വീട്ടില്‍ ഇസ്രായില്‍ കൊലപ്പെടുത്തിയ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവ് ബഹാ അബു അല്‍ അത്തയുടെ കൊലപാതകത്തിന്റെ വാര്‍ഷികത്തിനു പിന്നാലെയാണ് റോക്കറ്റാക്രമണം.