ജയ്‌സാല്‍മേര്‍- സൈനികര്‍ക്കൊപ്പം ഇത്തവണ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ശക്തമായ ഭാഷയില്‍ ചൈനയ്ക്കു താക്കീതു നല്‍കി. അതിര്‍ത്തി വികസിപ്പിക്കല്‍ ശക്തികള്‍ 18ാം നൂറ്റാണ്ടിലെ വികല മനോഭാവമാണ് കാണിക്കുന്നതെന്ന് മോഡി പറഞ്ഞു. ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കാന്‍ ശ്രമിക്കരുതെന്നും അതിര്‍ത്തി ലംഘിച്ചാല്‍ അത്തരം ശക്തികള്‍ക്ക് രാജ്യത്തിന്റെ ഭടന്‍മാര്‍ തക്കതായ മറുപടി നല്‍കുമെന്നും മോഡി മുന്നറിയിപ്പു നല്‍കി. രാജസ്ഥാനിലെ ജയ്‌സാല്‍മേറില്‍ തന്ത്രപ്രധാന അതിര്‍ത്തി മേഖലയായ ലോംഗെവാലയിലാണ് ശനിയാഴ്ച മോഡി സൈനികര്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തത്.
'നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ നിന്ന് നമ്മുടെ സൈന്യത്തെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യ ശേഷി തെളിയിച്ചതാണ്. വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും കാണിച്ചിട്ടുണ്ട്. അണുമണി പോലും നമ്മുടെ താല്‍പ്പര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും ലോകത്തിന് ഇപ്പോള്‍ അറിയാം,' മോഡി പറഞ്ഞു.
സൈനിക വേഷത്തിലെത്തിയ പ്രധാനമന്ത്രി യുദ്ധ ടാങ്കറില്‍ കയറി സൈനികര്‍ക്കൊപ്പം യാത്ര ചെയ്തു. സൈനികര്‍ക്ക് മധുരം വിതരണം ചെയ്തു. വീരമൃത്യു വരിച്ച സൈനികര്‍ക്ക് അജ്ഞലികളും അര്‍പ്പിച്ചു.