Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് മൂത്തപ്പോള്‍ രാഹുല്‍ ഷിംലയില്‍  അവധി ആഘോഷിക്കാന്‍ പോയെന്ന് ആര്‍ജെഡി

ന്യൂദല്‍ഹി-ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. ബിഹാറിലെ സഖ്യത്തില്‍ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകള്‍ വാങ്ങിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 70 തെരഞ്ഞെടുപ്പ് റാലികള്‍ പോലും നടത്താന്‍ കഴിഞ്ഞില്ലെന്നാണ് തിവാരി കുറ്റപ്പെടുത്തിയത്.
ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മനസിലാക്കിയില്ല. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കാരണമാണ് ബീഹാറിലെ പ്രധാന പാര്‍ട്ടികളായ വി.ഐ.പിയേയും എച്ച്.എ.എമ്മിനെയും മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നാണ് തിവാരിയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുള്ള തേജസ്വി യാദവിന്റെ പരിശ്രമങ്ങളെയെല്ലാം കോണ്‍ഗ്രസ് തകര്‍ക്കുകയാണ് ചെയ്തത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തടസമാകുകയാണ് ചെയ്തത്. ബി.ജെ.പിക്കെതിരായ മഹാസഖ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് തെളിയിച്ചെന്ന് മുതിര്‍ന്ന നേതാവായ ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.
 

Latest News