ന്യൂദൽഹി- നിർഭയ എന്ന പേരിട്ടു വിളിക്കുന്ന, 2012ൽ ഏറെ കോളിക്കം സൃഷ്ടിച്ച ദൽഹി കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലെന്താണു ബന്ധം? നിർഭയയുടെ സഹോദരനാണ് ഈ ചോദ്യത്തിനുത്തരം. തന്റെ സഹോദരി അതിദാരുണമായി കൊല്ലപ്പെടുമ്പോൾ 19കാരനായ മൂത്ത സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. അഞ്ചു വർഷത്തിനു ശേഷം ഇന്ന് ഇവൻ ഒരു യുവ പൈലറ്റാണ്. ഉത്തർ പ്രദേശിലെ റായ് ബറേലിയിലെ രാജീവ് ഗാന്ധി രാഷ്ട്രീയ ഉഡാൻ അകാഡമിയിൽനിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടിയ പൈലറ്റ്. ആ സംഭവത്തിനു ശേഷം തകർന്നു പോയ കുടുംബത്തെ സഹായിക്കുകയും പഠനം വഴിമുട്ടുമോ എന്ന ആശങ്കകൾക്കിടെ പെൺകുട്ടിയുടെ സഹോദരനെ പുതിയ ആകാശത്തേക്ക് കൈപ്പിടിച്ചുയർത്താൻ എല്ലാ സഹായവും ചെയ്തത് രാഹുൽ ഗാന്ധിയാണെന്ന് കുടുംബം തുറന്നു പറയുന്നു.
ഈ സഹായത്തെ കുറിച്ച് പുറത്ത് ആരുമറിയരുതെന്ന് രാഹുൽ കർശന നിർദേശം നൽകിയിരുന്നതിനാൽ ഈ വലിയ സഹായത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളോ മറ്റോ ഇതുവരെ പരസ്യമായി പറഞ്ഞിട്ടുമില്ല. മൂന്ന് മാസം മുമ്പാണ് രാഹുലിന്റെ ഈ രഹസ്യ സഹായം പുറത്തറിയുന്നത്. നിർഭയയുടെ അമ്മ ആശാ ദേവി രാഹുലിന്റെ ഈ സഹായത്തെ വാനോളം പരസ്യമായി തന്നെ പുകഴ്ത്തുന്നു. തന്റെ മകന് പൈലറ്റ് െ്രെടനിംഗ് സ്ഥാപനത്തിൽ പ്രവേശനം ലഭിക്കുന്നതിനും കോഴ്‌സ് പൂർത്തിയാക്കുന്നതിനും രാഹുൽ വലിയ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസിൽ കോടതി വിധി പറഞ്ഞ ദിവസം, പ്രായപൂർത്തിയാകാത്ത പ്രതിക്ക് ലഭിച്ച കുറഞ്ഞ ശിക്ഷയിൽ അതൃപ്തനായ നിർഭയയുടെ സഹോദരൻ രോഷാകുലനായി പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം രണ്ട് ആൺമക്കളുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് ആശാ ദേവി പറഞ്ഞു. രാഹുലിന്റെ സഹായം ലഭിച്ചതോടെ മികച്ച സ്ഥാപനത്തിൽ തന്നെ പഠനം നടത്താനും അവസരമൊരുങ്ങി.
രണ്ടാമത്തെ മകൻ പൂനെയിൽ എൻജിനീയറിങ് ബിരുദ വിദ്യാർത്ഥിയാണ്. ഈ മകന്റെ പഠന ചെലവുകളെല്ലാം കുടുംബം തന്നെയാണ് വഹിക്കുന്നത്. നിർഭയയുടെ അച്ഛൻ ബി എൻ സിങ് സംഭവം നടക്കുമ്പോൾ ദൽഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. ഇപ്പോൾ സ്ഥിരനിയമനം ലഭിച്ചു. ആ ദുരന്ത സംഭവത്തിനു ശേഷം സിങ് നിത്യരോഗിയായി മാറിയെന്നും ആശാദേവി പറയുന്നു.
മൂന്നുമാസം മുമ്പ് തന്നെ ചില ഓൺലൈൻ പോർട്ടലുകളിൽ സംഭവം വാർത്ത ആയിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഇത് കൂടുതൽ പേരിലേക്ക് എത്തിയത്. ഇതോടെ ഈ വാർത്ത വൈറലാകുകയും ചെയ്തു.