ന്യൂദല്‍ഹി- നോട്ട് നിരോധവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ത്ത ഇരട്ട ടോര്‍പിഡോകളായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധിച്ച നവംബര്‍ എട്ടിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടു നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് രാജ്യത്തിനു ദുഃഖദിനമാണ്. അന്ന് ബി.ജെ.പി ആഘോഷിക്കുമെന്നാണ് പറയുന്നത്. ആഘോഷമാക്കാന്‍ മാത്രമെന്താണുള്ളതെന്ന് മനസ്സിലാകുന്നില്ല. നോട്ട് നിരോധം സമ്പൂര്‍ണ ദുരന്തമാണ്. ജി.എസ്.ടി നല്ല ആശയമായിരുന്നെങ്കിലും അത് ധൃതി പിടിച്ച് നടപ്പിലാക്കി ദുരന്തമാക്കി. ജനങ്ങളുടെ വേദന പ്രധാനമന്ത്രി മോഡിക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് അദ്ദേഹം നവംബര്‍ എട്ട് ആഘോഷമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന്റെ വികാരങ്ങളെന്തെന്നു മനസിലാക്കാന്‍ പ്രധാനമന്ത്രിക്കു കഴിയുന്നില്ല. പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ചും അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല. സത്യം അംഗീകരിക്കാന്‍ ഇപ്പോഴും തയാറല്ല.
നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാനാണു കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. അന്നു നടത്തേണ്ട പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്മാരും പങ്കെടുത്തു.