Sorry, you need to enable JavaScript to visit this website.

ബാലികയുമായി അവിഹിതത്തിനെത്തിയ മലയാളി ബാങ്ക് മാനേജർ ലണ്ടനിൽ പിടിയിൽ; കരച്ചിൽ വൈറലായി

ലണ്ടൻ- പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഹോട്ടലിൽ മുറിയെടുത്ത് കാത്തുനിന്ന മലയാളിയായ ബാങ്ക് മാനേജർ ലണ്ടനിൽ പിടിയിലായി. ബാല ലൈംഗിക പീഡകരെ പിടികൂടുന്നതിനുള്ള വിജിലന്റ് ഗ്രൂപ്പിന്റെ പിടിയിലാണ് മലയാളിയായ കാവുങ്ങൽ പറമ്പത്ത് ബാലചന്ദ്രൻ അകപ്പെട്ടത്. 38-കാരനും വിവാഹിതനുമായ ബാലചന്ദ്രൻ പോലീസിന്റെയും തന്നെ കുരുക്കിയ വിജിലന്റ് ഗ്രൂപ്പിന്റെയും മുന്നിൽ പൊട്ടിക്കരയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടകം രണ്ടുലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പതിനാലുകാരിയുമായി ബന്ധപ്പെടാൻ ബാലചന്ദ്രൻ നൂറു മൈലിലേറെ ദൂരം യാത്ര ചെയ്താണ് ലണ്ടനിൽനിന്ന് ബർമിംഗ്ഹാമിൽ  എത്തിയത്. ലണ്ടനിലെ സിറ്റി ബാങ്ക് മാനേജറായിരുന്നു ഒരു കുട്ടിയുടെ പിതാവ് കൂടിയായ ഇദ്ദേഹം. 

കെണിയിൽ വീണെന്ന് ഉറപ്പായതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഇയാൾ പൊട്ടിക്കരഞ്ഞു. പെൺകുട്ടിയോടൊപ്പം ഒരു ലഞ്ച് കഴിക്കാൻ മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും ലൈംഗീക ബന്ധം ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് ഇയാൾ വാദിച്ചത്. എന്നാൽ, പെൺകുട്ടിയുമായി ഇയാൾ ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ നിരത്തിയതോടെ മറുപടിയില്ലാതായി. ഇതിന് പുറമെ ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽനിന്ന് ഗർഭനിരോധന ഉറകളും പെർഫ്യൂമും കണ്ടെടുത്തു. ഇതോടെ പൂർണമായും പ്രതിരോധത്തിലായ ഇയാൾ, തന്നെ അപമാനിക്കരുതെന്നും ഇന്ത്യയിലേക്ക് ഉടൻ മടങ്ങിപ്പോകാമെന്നും അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പോലീസ് തയ്യാറായില്ല. ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു.

ബാലലൈംഗിക കുറ്റമാണ് ഇയാളുടെ പേരിൽ ചുമത്തിയത്. ഇതിന് പുറമെ പത്തുവർഷത്തെ സെക്ഷ്യൽ ഹാം പ്രിവൻഷൻ ഓർഡറും നൽകിയിട്ടുണ്ട്. 
പെൺകുട്ടിക്ക് പതിനെട്ട് വയസായെന്നും അതുകൊണ്ടാണ് ലൈംഗീകബന്ധത്തിന് താൽപര്യപ്പെട്ട് എത്തിയതെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി തന്റെ പ്രായം വ്യക്തമാക്കുന്ന കാര്യം പറയുന്ന ചാറ്റിംഗ് പോലീസ് മുന്നിലിട്ടതോടെ തനിക്ക് തെറ്റുപറ്റിയെന്ന് ഇയാൾ സമ്മതിച്ചു. ബാലപീഡകരെ കുടുക്കുന്ന ഗ്രൂപ്പിനെ പറ്റി താൻ നേരത്തെ കേട്ടിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി. 

നിന്റെ മനോഹരമായ കണ്ണുകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും നിന്നെ ഗർഭിണിയാക്കൽ തന്റെ ഉദ്ദേശമല്ലെന്നുമുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും പോലീസ് ഇയാളെ കാണിച്ചു. നമുക്ക് ഒന്നിച്ചുകുളിക്കാമെന്നും നിനക്ക് നാണമാകുമോ എന്നും ഇയാൾ ചോദിക്കുന്നുണ്ട്. 


വിവരം പുറത്തുവന്നതോടെ 54,000 പൗണ്ട് വാർഷിക ശമ്പളമുള്ള ജോലിയും ഇയാൾക്ക് നഷ്്ടമായി. ഇയാളെ പിടികൂടുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ഒരു മണിക്കൂർ ദൈർഘ്യമുളള വീഡിയോയാണ് പുറത്തുവന്നത്. ഇയാളെ പോലീസ് കാറിലേക്ക് കൊണ്ടുപോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Latest News