ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യപ്പെട്ട് രൂപീകൃതമായ വിവിധ പാര്‍ട്ടികളുടെ സഖ്യത്തില്‍ പ്രദേശ് കോണ്‍ഗ്രസും ചേര്‍ന്നു. പീപ്പ്ള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്ന സഖ്യം സംസ്ഥാനത്തിന്റെ പദവി തിരിച്ചുപിടിക്കാന്‍ കൂട്ടായുള്ള പോരാട്ടത്തിന്റെ ഭാഗമായി രൂപീകൃതമായതാണ്. പിഡിപി നേതാവും സഖ്യം ഉപാധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ ഗുപ്കറിലെ വീട്ടില്‍ ചേര്‍ന്ന സഖ്യ യോഗത്തില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. നാഷണല്‍ കോണ്‍ഫറന്‍ നേതാവും ലോക്‌സഭാ എംപിയുമായ ഫാറൂഖ് അബ്ദുല്ലയാണ് സഖ്യം തലവന്‍. സഖ്യത്തോടൊപ്പം നിലകൊള്ളുന്നതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി മോംഗ പറഞ്ഞു.
ഈ സഖ്യത്തിന്റെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതായി നാഷണല്‍ കോണ്‍ഗ്രഫറന്‍സ് കശ്മീര്‍ പ്രവിശ്യാ പ്രസിഡന്റ് നാസില്‍ ആലം വാനി പറഞ്ഞു. പുതുതായി രൂപീകരിച്ച ജില്ലാ വികസന കൗണ്‍സിലുകളിലേക്ക് (ഡിസിസി) നടക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റു പങ്കിട്ടെടുക്കാനും കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എട്ടു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സീറ്റു വീതംവെക്കല്‍ ചര്‍ച്ചയ്ക്കായാണ് ഇന്ന സഖ്യം യോഗം ചേര്‍ന്നത്. ആദ്യഘട്ടത്തില്‍ പിഡിപി നാലു സീറ്റും സജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ടു സീറ്റും നേടി.