ചെന്നൈ- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ ബിജെപിയുടെ പ്രചരണ തന്ത്രങ്ങള്‍ക്കെതിരെ വീണ്ടും സഖ്യ കക്ഷിയായ അണ്ണാ ഡിഎംകെ. ബിജെപി നടത്തിയ 'വെട്രിവേല്‍ യാത്ര' അണ്ണാ ഡിഎംകെ സര്‍ക്കാര്‍ വിലക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് ബിജെപി പുറത്തിറക്കിയ പ്രചരണ വിഡിയോ വിവാദമായിരിക്കുന്നത്. വിഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം പാര്‍ട്ടി സ്ഥാപകന്‍ എംജിആറിന്റെ ദൃശ്യങ്ങളും ഉപയോഗിച്ചതാണ് അണ്ണാ ഡിഎംകെ ചൊടിപ്പിച്ചത്. വെട്രിവേല്‍ യാത്രയുടെ ഭാഗമായി തയാറാക്കിയ വിഡിയോയില്‍ മുന്‍കാല നടന്‍ കൂടിയായ എംജിആറിന്റെ സിനിമയിലെ അഭിനയ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു സമാന രീതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനേയും ചിത്രീകരിച്ചിരിക്കുന്നു. ദൈവതുല്യം അണ്ണാ ഡിഎംകെ അണികള്‍ കാണുന്ന എംജിആറിന്റെ ദൃശ്യങ്ങള്‍ ബിജെപി ഉപയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
വെട്രിവേല്‍ യാത്രയ്ക്ക് വിലക്കുണ്ടായിരുന്നെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ചെറുയാത്രകള്‍ നടത്തിയിരുന്നു. ചില പാര്‍ട്ടികളുടെ ഹിന്ദു വിരുദ്ധ അജണ്ടയ്‌ക്കെതിരെ എല്ലാ വര്‍ഷവും നടത്താറുള്ളതാണ് ഈ യാത്രയെന്നും ബിജെപി പറയുന്നു.
എന്നാല്‍ ഇത്തവണ തങ്ങള്‍ സൗഹൃദ കക്ഷിയായി കാണുന്ന ബിജെപിക്കെതിരെ അണ്ണാ ഡിഎംകെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രത്തേയും തങ്ങള്‍ക്ക് ഭയമില്ലെന്ന് മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവ് സി പൊന്നയ്യന്‍ പറഞ്ഞു. 'ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ ഹിന്ദുയിസം, ഇസ്ലാം, ക്രിസ്റ്റ്യാനിറ്റി, ബുദ്ധിസം എല്ലാം വേണം. സാമുദായിക സൗഹാര്‍ദമാണ് ഞങ്ങളുടെ നിലപാട്,' അദ്ദേഹം പറഞ്ഞു.