ദുബായ് -കാർ തടഞ്ഞു വച്ച് പ്രവാസിയുടെ പണവും മൊബൈൽ ഫോണും ബാങ്ക് കാർഡും തട്ടിയെടുക്കാൻ സഹായിച്ച ദുബായ് പോലീസ് ഉദ്യോഗസ്ഥനെ കോടതി ഒരു വർഷം തടവിനു ശിക്ഷിച്ചു. ദുബായ് പേലീസിലെ സുഡാൻ പൗരനായ ഉദ്യോഗസ്ഥനാണ് സ്വന്തം നാട്ടുകാരനായ സുഹൃത്തിനൊപ്പം ചേർന്ന് പ്രവാസിയായ മാനേജറെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തത്. ചൈനക്കാരാനായ മാനേജറുടെ വാഹനം തടഞ്ഞു
നിർത്തുകയും 27,000 ദിർഹം ഈ പോലീസ് ഓഫീസർക്കു നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുക്കുമെന്നും മൂന്ന് മാസത്തെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പോലീസുകാരന്റെ സുഹൃത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ചൈനീസ് ഭാഷയിലാണ് ഇദ്ദേഹം പ്രവാസിയോട് സംസാരിച്ചത്.
കൊള്ളനടത്താൻ പോലീസുകാരനെ സഹായിക്കുകയും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് സുഹൃത്തിനേയും കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. ജയിൽ ശിക്ഷയ്ക്കു ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. കേസിൽ യുഎഇ പൗരനായ പോലീസുകാരനും ആരോപണവിധേയനായിരുന്നു. തെറ്റുകാരനല്ലെന്ന് കണ്ടെത്തി ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു.
ജുമൈറയിലെ നൈറ്റ് ക്ലബിൽ വച്ച് പരിചയപ്പെട്ട രണ്ടാം പ്രതിയോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് ശൈഖ് സായിദ് റോഡിൽ വച്ച് പോലീസ് വാഹനം തടഞ്ഞ് െ്രെഡവിങ് ലൈസൻസും മറ്റു രേഖകളും ചോദിച്ചത്. 'എന്നെ കാറിൽ നിന്നറക്കി പോലീസിന്റെ പട്രോൾ വാഹനത്തിൽ കയറ്റി. ഈ സമയം കൂടെയുണ്ടായിരുന്നയാൾ തന്റെ കാറുമായി പിറകെ വന്നു. വഴിമധ്യേ വാഹനം നിർത്തുകയും എന്റെ പക്കലുള്ള പണം ഇവർ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യപ്രതിയായ ആൾക്ക് എന്റെ പക്കലുണ്ടായിരുന്നു 3000 ദിർഹം മുഴുവനായും നൽകേണ്ടി വന്നു,' ഇരയാക്കപ്പെട്ട ചൈനീസ് പ്രവാസി പറഞ്ഞു.
പോലീസുകാരനും സുഹൃത്തും ചേർന്ന് ഇദ്ദേഹത്തെ ഇന്റർനാഷണൽ സിറ്റിയിലേക്കു കൊണ്ടു പോയി. ഇവിടേക്കു പണം എത്തിക്കാൻ ഒരു ബന്ധുവിനോട് ആവശ്യപ്പെട്ടു കാത്തുനിൽക്കുന്നതിനിടെ രണ്ടാം പ്രതി മാനേജറുടെ ബാങ്ക് കാർഡും തട്ടിയെടുത്തു. ഇതോടെ ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നെന്നും ചൈനീസ് മാനേജർ വിവരിച്ചു.