Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍; അഹങ്കാരിയെന്ന് വിളിക്കരുത്

പട്‌ന- അവസാന തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
പൂര്‍ണിയ ജില്ലയില്‍ നടന്ന അവസാന തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. തന്നെ അഹങ്കാരിയെന്ന് വിളിക്കരുതെന്ന് നിതീഷ് കുമാര്‍ അഭ്യര്‍ഥിച്ചു.
പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ശരിയായി മനസ്സിലായില്ല. എല്ലാ തെരഞ്ഞെടുപ്പുകാലത്തും അവസാന റാലികളില്‍ ഞാനത് പറയാറുണ്ട്. അവസാനം നന്നായാല്‍ എല്ലാം നന്നായെന്നാണ് പറയാറുളളത്.
അവസാന തെരഞ്ഞെടുപ്പ് എന്ന വാക്കുകള്‍ക്ക് മുമ്പ് ഞാന്‍ എന്താണ് പറഞ്ഞതെന്നും അതിനുശേഷം ഞാന്‍ എന്താണ് പറഞ്ഞതെന്നും കേട്ടാല്‍ സന്ദര്‍ഭം മനസ്സിലാകും. നിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല- നിതീഷ് കുമാര്‍ പറഞ്ഞു. വിരമിക്കലിനെ കുറിച്ചല്ല, അവസാന തെരഞ്ഞെടുപ്പ് റാലിയെ കുറിച്ചാണ് നിതീഷ് പറഞ്ഞെതന്നാണ് വിശദീകരണം.
ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന നിതീഷിന്റെ വാചകം വരാന്‍ പോകുന്ന പരാജയത്തെ മുന്‍കൂട്ടികണ്ടാണെന്ന് എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു.  
ഞാന്‍ നിസ്വാര്‍ഥമായി ജനങ്ങളെ സേവിക്കുകയാണെന്നും എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ തുടര്‍ന്ന് പൊതുജനങ്ങളുടെ മനസ്സില്‍ വലിയ ആശങ്ക നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം- നിതീഷ് കുമാര്‍ പറഞ്ഞു. ചില ആളുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതില്‍ വലിയ വിജയമാണ് നേടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളും ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിന്റെ വിജയമാണ് പ്രവചിച്ചിരുന്നത്.

 

Latest News