ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മതിപ്പു നേടാന്‍ വ്യഗ്രത കാണിക്കുന്നയാളാണെന്നും എന്നാല്‍ വിഷയം ആഴത്തില്‍ പഠിക്കാന്‍ അഭിരുചിയോ അതിതാല്‍പര്യമോ ഇല്ലാത്തയാളാണെന്നും മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. പ്രസിഡന്റായിരുന്ന കാലയളവിലെ തന്റെ ഓര്‍മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയ 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുതിയ പുസ്തകത്തിലാണ് ഒബാമ ഇങ്ങനെ പറയുന്നത്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന പുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരെ കുറിച്ച് നല്ലവാക്കുകളാണ് ഒബാമ എഴുതിയിരിക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പുസ്തക നിരൂപണത്തില്‍ പറയുന്നു.
രാഹുല്‍ ഗാന്ധി 2015ലും 2017ലും ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 'കോഴ്‌സ്‌വര്‍ക്ക് പൂര്‍ത്തിയാക്കി അധ്യാപകന്റെ മതിപ്പു പിടിച്ചു പറ്റാന്‍ വ്യഗ്രത കാണിക്കുന്ന, എന്നാല്‍ പാഠ്യവിഷയത്തില്‍ അവഗാഹം നേടാന്‍ അഭിരുചിയോ അതിയായ താല്‍പര്യമോ ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥിയെ പോലെയായിരുന്നു,' എന്നാണ് പുസ്തകത്തില്‍ ഒബാമ രാഹുലിനെ കുറിച്ചു പറയുന്നത്. അതേസമയം പുസ്തകത്തിലെ ഏതു സാഹചര്യത്തിലാണ് രാഹുലിനെ കുറിച്ച് ഇങ്ങനെ നിരീക്ഷിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് നിരൂപണത്തില്‍ വിവരിക്കുന്നില്ല.