മുംബൈ- ആത്മഹത്യാ പ്രേരണാക്കേസിൽ ജയിലിൽ കഴിയുന്ന അർണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ മേൽക്കോടതിയുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിശദമാക്കി. ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സംഘ്പരിവാർ മാധ്യമമായ റിപ്പബ്ലിക് എഡിറ്റർ അർണബ് ഗോസ്വാമി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അർണബിന്റെ ചാനൽ കാണാറില്ലെന്നും ചന്ദ്രചൂഡ് വിശദമാക്കി. ആശയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും നിയമത്തിന് ആ വ്യത്യാസമില്ലെന്നും കോടതി വിശദമാക്കി. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്. അർണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാൻ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നൽകിയിരുന്നു.
2018 ൽ ഇൻറീരിയർ ഡിസൈനർ അൻവയ് നായ്ക് ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിർമ്മാണത്തിന് 83 ലക്ഷം രൂപ അർണബ് നൽകാനുണ്ടായിരുന്നുവെന്ന് നായിക്കിന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.