ന്യൂദല്‍ഹി- ജനങ്ങളോടൊപ്പം നിലയുറപ്പിച്ചതിനുള്ള പാരിതോഷികമാണിതെന്ന് ബിഹാറിലെ തകര്‍പ്പന്‍ വിജയത്തെ വിശേഷിപ്പിച്ച് സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ.
19 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 12 സീറ്റുകള്‍ കരസ്ഥമാക്കി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സി.പി.എമ്മിനും സി.പി.ഐക്കും രണ്ട് വീതം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്റെ ഭാഗമാണ് ഇടതു പാര്‍ട്ടി ജനവിധി തേടിയിരുന്നത്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് സി.പി.ഐ (എം.എല്‍) ഇത്രയും സീറ്റ് നേടുന്നത്.
വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ബിഹാര്‍ ജനതക്കാണെന്നും അവരുടെ പോരോട്ടമാണ് വിജയിച്ചതെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ഞങ്ങള്‍ ഒരു മാധ്യമമായി പ്രവര്‍ത്തിച്ചുവെന്നേയുള്ളൂ. കോവിഡ് ലോക് ഡൗണ്‍ കാലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വിസ്മരിച്ചപ്പോള്‍ ഞങ്ങള്‍ അവരോടൊപ്പം നിലയുറപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2005 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴ് സീറ്റുകളാണ് നേടിയിരുന്നത്. അസംബ്ലി പിരിച്ചുവിട്ട് ഒക്ടോബറില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ അഞ്ചായി കുറഞ്ഞു. 2010 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും ലഭിച്ചില്ല.2015 ലെ ഇലക് ഷനില്‍ തനിച്ച് മത്സരിച്ച് മൂന്ന് സീറ്റ് കരസ്ഥമാക്കി.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഇടതു പാര്‍ട്ടികളെ സഖ്യത്തില്‍ ചേര്‍ക്കാന്‍ ആര്‍.ജെ.ഡി സമ്മതിച്ചിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കാന്‍ ആര്‍.ജെ.ഡി തീരുമാനിക്കുകയായിരുന്നു.
സഖ്യം സി.പി.ഐ എം.എല്ലിനെ സഹായിച്ചുവെങ്കിലും യുവജനങ്ങളാണ് പാര്‍ട്ടിയെ തുണച്ചതെന്ന് ദീപങ്കര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനം മോശമായതാണ് സഖ്യത്തിന് തരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാളും മുന്നേറാന്‍ ജെ.ഡിയുവിന് സാധിച്ചുവെന്നും സി.പി.ഐ(എം.എല്‍) നേതാവ് കൂട്ടിച്ചേര്‍ത്തു.
ഈ അവസരം ഞങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ ജനാധിപത്യം അതിജീവിക്കില്ലെന്ന് കരുതിയാണ് രാഷ്ട്രീയവൈരികളായിരുന്ന ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ ചേര്‍ന്നതെന്ന് അദ്ദേഹം ന്യായീകരിച്ചു.
ബിഹാറിലെ ഇടതുപക്ഷം പഴയകാലപ്രഭാവം വീണ്ടെടുത്തതിന്റെ ലക്ഷണം കൂടിയായി മഹാസഖ്യത്തില്‍ ഇടതു പാര്‍ട്ടികളുടെ വിജയം.
മഹാസഖ്യം വിജയിച്ചാല്‍ ബിഹാറില്‍ നക്‌സലിസം തിരിച്ചു വരുമെന്നാണ് തെരഞ്ഞെടുപ്പുറാലികളില്‍ ബി.ജെ.പി നേതാക്കള്‍ പ്രസംഗിച്ചിരുന്നത്.