ഷാന്‍ങായ് സഹകരണ ഉച്ചകോടിയില്‍   പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് മോഡി

ന്യൂദല്‍ഹി-ഷാന്‍ങായ് സഹകരണ സംഘടനയുടെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ  രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കശ്മീര്‍ വിഷയം വീണ്ടും ഉച്ചകോടിയില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നതിന് പിന്നാലെയാണ് വിമര്‍ശനം.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം വിമര്‍ശമുന്നയിച്ചത്. ഉഭയകക്ഷി പ്രശ്‌നങ്ങള്‍ അനാവശ്യമായി എസ്സിഒ അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ ചിലര്‍ നടത്തുന്ന അനാവശ്യ ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരവും എസ്സിഒ ചാര്‍ട്ടറിന് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിലും സുരക്ഷയിലും വികസനത്തിലുമാണ് ഇന്ത്യ അടിയുറച്ച് വിശ്വസിക്കുന്നത് എന്നും, ഭീകരവാദം, ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്‌ക്കെതിരെ ഇന്ത്യ എക്കാലത്തും ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്സിഒ ചാര്‍ട്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ എക്കാലത്തും പ്രതിജ്ഞാബദ്ധമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു
 

Latest News