ലണ്ടന്‍- ഈ വര്‍ഷം ജനുവരിയില്‍ ബ്രിട്ടനിലെ ലെസ്റ്ററില്‍ നാലു പേരെ കുത്തിക്കൊല്ലാനും കാറിടിപ്പിച്ച് കൊല്ലാനും ശ്രമിച്ച ഇന്ത്യന്‍ വംശജനായ യുവാവിനെ കോടതി നാലു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നാലും ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതി കാര്‍ലോസ് വിനോദ്ചന്ദ്ര രസിത്‌ലാല്‍ (33) ചുരുങ്ങിയത് 22 വര്‍ഷവും ആറു മാസവും ജയിലില്‍ കിടക്കേണ്ടി വരും. നാലു വ്യത്യസ്ത സംഭവങ്ങളിലാണ് പ്രതി നാലു പേരെ വധിക്കാന്‍ ശ്രമിച്ചത്. നാലിലും രസിത്‌ലാല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി അപകടകാരിയാണെന്നും കുറ്റബോധമോ ഖേദമോ പ്രകടിപ്പിച്ചില്ലെന്നും കോടതി പറഞ്ഞു. ഒരു 10 വയസ്സുകാരനേയും 30 വയസ്സുള്ള യുവതിയേയും 70ലേറെ പ്രായമുള്ള വയോധികനേയുമാണ് പ്രതി കുത്തിയത്. അഞ്ചു വയസ്സുകാരിയെ കാറിടിപ്പിച്ച് കൊല്ലാനും ശ്രമിച്ചു. ഈ നാലു സംഭവങ്ങളും ജനുവരിയിലായിരുന്നു. പരിക്കേറ്റ നാലു പേര്‍ക്കും ആശുപത്രി ചികിത്സ വേണ്ടി വന്നു. അക്രമ പരമ്പരയ്ക്കു ശേഷം പിടിയിലായ രസിത്‌ലാല്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ നാലു സംഭവങ്ങള്‍ക്കു പിന്നിലും രസിത്‌ലാല്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.