വാഷിങ്ടണ്‍- ലോകത്ത് ഏറ്റവും രൂക്ഷമായ കോവിഡ് വ്യാപനം നടന്ന യുഎസില്‍ രോഗം തടയുന്നതിന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃനിരയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വിവേക് മൂര്‍ത്തിയും. മുന്‍ യുഎസ് സര്‍ജന്‍ ജനറലായ ഡോ. വിവേക് മറ്റു മൂന്നു വിദഗ്ധര്‍ക്കൊപ്പം ചേര്‍ന്നാണ് ഈ സംഘത്തെ നയിക്കും. കോവിഡ് സംബന്ധിച്ച വിവരങ്ങളും പ്രതിരോധ തന്ത്രങ്ങളും സംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഉപദേശം നല്‍കുകയാണ് ഇവരുടെ ചുമതല. പുതിയ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ സമീപനവും നയവും രൂപപ്പെടുത്തല്‍, വാക്‌സീനുകളുടെ സുരക്ഷ ഉറപ്പാക്കല്‍, അവ കാര്യക്ഷമമായും സൗജന്യമായും വിതരണം ചെയ്യല്‍, രോഗ സാധ്യതയുള്ളവരുടെ സംരക്ഷണം എന്നിവയ്ക്ക് സമിതി സഹായം നല്‍കുമെന്ന് ബൈഡന്‍ പറഞ്ഞു.
2014 മുതല്‍ 2017 വരെ യുഎസിന്റെ 19ാമത് സര്‍ജന്‍ ജനറല്‍ പദവി വഹിച്ചയാളാണ് ഡോ. വിവേക്.
കോവിഡ് ബാധിച്ച് യുഎസില്‍ 2.36 ലക്ഷത്തിലേറെ ആളുകളാണ് മരിച്ചത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 40 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 93 ലക്ഷം പേര്‍ക്കാണ് രോഗം പിടിപെട്ടത്.