Sorry, you need to enable JavaScript to visit this website.

ഉപതെരഞ്ഞെടുപ്പു ഫലം: മധ്യപ്രദേശില്‍ സിന്ധ്യയ്ക്ക് പരീക്ഷണം, യുപിയില്‍ ബിജെപി തിരിമറി നടത്തിയെന്ന് അഖിലേഷ്

ന്യൂദല്‍ഹി- ബിഹാര്‍ ഫലത്തിനൊപ്പം ഇന്ന് 11 സംസ്ഥാനങ്ങളിലെ 58 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലം കൂടി അറിയാം. ഏറ്റവും ശ്രദ്ധേയമായത് മധ്യപ്രദേശിലെ 28 സീറ്റുകളിലെ ഫലമാണ്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്കു നയിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ കൂടുമാറ്റമാണ് ഇവിടെ 22 മണ്ഡലങ്ങളില്‍  ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. ഈ എംഎല്‍എമര്‍ സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറുകയും കോണ്‍ഗ്രസ് എംഎല്‍എ പദവി രാജിവെക്കുകയുമായിരുന്നു. ഇവിടെ കോണ്‍ഗ്രസിനു പകരം ബിജെപി വരുമോ എന്ന് ഇന്നറിയാം. മത്സരം നടന്ന 28 സീറ്റില്‍ ചുരുങ്ങിയത് എട്ടു സീറ്റു ലഭിച്ചാതെ സംസ്ഥാനത്ത് ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിയൂ. കോണ്‍ഗ്രസിന് 87 എംഎല്‍എമാരുണ്ട്. ബിജെപിക്ക് ജയസാധ്യതയുണ്ടെങ്കിലും സിന്ധ്യയുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏറ്റവും ഉന്നത പദവി വഹിച്ചിരുന്ന സിന്ധ്യക്ക് സംസ്ഥാനത്തെ ബിജെപി നേതൃരംഗത്ത് ആദ്യ പത്തില്‍ പോലും ഇടമുറപ്പിക്കാനായിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് തനിക്കൊപ്പം വന്ന എല്ലാ മുന്‍ എംഎല്‍എമാരേയും ജയിപ്പിക്കാനായില്ലെങ്കില്‍ സിന്ധ്യക്ക് ബിജെപിയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞേക്കില്ല. 

യുപിയില്‍ ഏഴു മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പു ഫലം വരുന്നത്. ഉന്നാവ് പീഡനക്കേസ് പ്രതിയായ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാര്‍ രാജിവെച്ച ബംഗര്‍മാവു സീറ്റാണ് കൂട്ടത്തില്‍ ശ്രദ്ധേയം. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് രൂപീകരിച്ച ആസാദ് സമാജ് പാര്‍ട്ടി ആദ്യമായി മത്സര രംഗത്തുണ്ട്. ബുലന്ദ്ശഹര്‍ സദര്‍ മണ്ഡലിത്താണ് പാര്‍ട്ടി മത്സരിക്കുന്നത്. 

യുപിയില്‍ ബിജെപി വോട്ടെടുപ്പില്‍ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് മുന്‍മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവ് രംഗത്തെത്തി. ഭരണം ദുരുപയോഗം ചെയ്ത് ബിജെപി തട്ടിപ്പു നടത്തിയതിന്റെ തെളിവുകള്‍ വോട്ടെണ്ണല്‍ ഫലം വന്നശേഷം പുറത്തു വിടുമെന്നും അഖിലേഷ് പറഞ്ഞു.

കര്‍ണാടക, ഗുജറാത്ത്, ഒഡീഷ, തെലങ്കാന, മണിപ്പൂര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും ഇന്ന് ഫലം അറിയാം.

Latest News